പാലാ : സംസ്ഥാന അടിസ്ഥാനത്തിൽ ആരോഗ്യ പരിശോധനാ ലാബുകൾ ആരംഭിക്കാൻ പാലാ കിഴതടിയൂർ സഹകരണ ബാങ്ക് തയ്യാറാണെന്ന ഭരണ സമിതിയുടെ നിർദ്ദേശം സംസ്ഥാന സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കിഴതടിയൂർ സഹകരണ ബാങ്ക് ലക്ഷ്യമിടുന്ന പ്ലാവ്-കൂവ-ആട് കൃഷിക്ക് സഹകരണ വകുപ്പിന്റെ അനുമതി ഉടൻ കൊടുക്കും. ബാങ്കിംഗ് ഇതര മേഖലകളിൽ ബാങ്ക് ചെയ്യുന്ന സേവനങ്ങൾ നിസ്തുലമാണ്. കിഴതടിയൂർ ബാങ്കിന്റെ നേതൃത്വത്തിലുള്ള കിസ്‌ക്കോ ഹെൽത്ത് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് സി. കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, സഹകരണ മേഖലയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ മുൻനിറുത്തി ബി.പി. പിള്ളയെ മാണി സി. കാപ്പൻ എം.എൽ.എയും കരിയർ ഹൈറ്റ്‌സ് ഭാരവാഹികളെ വി. എൻ. വാസവനും ക്ഷീരകർഷകൻ ജോജോ മാത്യുവിനെ ആർ. ചന്ദ്രശേഖരനും ആദരിച്ചു. കുര്യാക്കോസ് പടവൻ, സി.കെ. ശശിധരൻ, രഞ്ജിത്ത് മീനാഭവൻ, വി.പ്രസന്നകുമാർ, പ്രൊഫ. ടോമി ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. ശശിധരൻ നായർ സ്വാഗതവും, സെക്രട്ടറി ശ്രീലത എസ്. നന്ദിയും പറഞ്ഞു.
പൂട്ടിക്കിടക്കുന്ന സഹ. സ്ഥാപനങ്ങൾ തുറക്കും
പാലാ: പൂട്ടിക്കിടക്കുന്ന കരൂരിലെ റബ്ബർ ഫാക്ടറിയടക്കമുള്ള സഹകരണ സ്ഥാപനങ്ങൾ ജനുവരിയോടെ തുറക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മാണി സി. കാപ്പൻ എം.എൽ.എ. പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.
ഭരണ സമിതിയുടെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ചില സഹകരണ സ്ഥാപനങ്ങൾ തകർക്കുന്നതിന് ഇടവരുത്തിയത്.അത് സംബന്ധിച്ചുള്ള നിയമ നടപടികളും മുന്നേറുകയാണ്. തുടർന്ന് പ്രസംഗിച്ച സി.പി.എം ജില്ലാ സെക്രട്ടറി വി .എൻ. വാസവനും സ്ഥാപനങ്ങൾ തുറന്നു കൊടുക്കാൻ സർക്കാർ ചെയ്ത നടപടികളെ കുറിച്ച് വിശദീകരിച്ചു. അവിടെ നിക്ഷേപം നടത്തിയ കർഷകർക്ക് പണം തിരികെ കൊടുക്കാനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വാസവൻ പറഞ്ഞു.