കോട്ടയം: ഒരു ലിങ്കിട്ടു കൊടുത്താൽ തീറ്റ കണ്ട കോഴിയെപ്പോലെ മലയാളി പിന്നാലെ വരുമെന്ന് തട്ടിപ്പുകാർക്ക് കൃത്യമായി അറിയാം. വാട്‌സ്ആപ്പിൽ കടന്നു കൂടിയ ഇസ്രയേലി വൈറസിന്റെ പേരിൽ കേരളത്തിലേയ്‌ക്ക് തട്ടിപ്പിന്റെ 'ലിങ്ക"യച്ചിരിക്കുകയാണ് ഒരു സംഘം. ഇ മെയിലിൽ നിന്നും വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാമെന്നും, ഇത് വഴി സുരക്ഷ ഉറപ്പാക്കാമെന്നുമുള്ള നിർദേശമാണ് ഇവർ നൽകിയിരിക്കുന്നത്. ഇത് വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ പിന്നെ കാര്യങ്ങളെല്ലാം തട്ടിപ്പ് കമ്പനി നോക്കിക്കോളും.
കഴിഞ്ഞ ദിവസമാണ് കോട്ടയം സ്വദേശിക്ക് ഇത്തരത്തിൽ മെയിൽ എത്തിയത്. നിങ്ങളുടെ വാട്സ്‌ആപ്പ് ഭീഷണിയിലാണെന്നായിരുന്നു സന്ദേശം. വാട്‌സ്ആപ്പിൽ ഇസ്രയേലിൽ നിന്നുള്ള വൈറസ് ആക്രമണമുണ്ടായതായും, എല്ലാവരും വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശമുണ്ടെന്നുമായിരുന്നു ഇ -മെയിൽ ഉപദേശം. വാട്‌സ് ആപ്പ് സ്റ്റാറ്റസ് നോക്കാനും അപ്‌ഡേറ്റ് ചെയ്യാനും ലിങ്കും ഇതോടൊപ്പം നൽകിയിരുന്നു.
ഇ മെയിൽ വിലാസത്തിൽ സംശയം തോന്നിയ ആളാണ് വിവരം ജില്ലാ സൈബർ സെല്ലിന് നൽകിയത്. ഇതോടെയാണ് ഇ മെയിലിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ചുള്ള വിവരം പുറത്തായത്.
തട്ടിപ്പ് ഇങ്ങനെ
Whats.App - എന്ന മെയിലിൽ നിന്ന് ഇ മെയിലിലേയ്‌ക്ക് സന്ദേശം എത്തും
ഒറ്റ നോട്ടത്തിൽ വാട്സ്ആപ്പിൽ നിന്നുള്ള സന്ദേശമാണ് എന്ന് തോന്നും
ഇതിൽ വാട്‌സ് ആപ്പ് അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക് ഉണ്ടായിരിക്കും
ക്ലിക്ക് ചെയ്‌താൽ നേരെ പോകുന്നത് ഒരു വെബ് സൈറ്റിലേയ്‌ക്കാണ്
ഇത് ഉപയോഗിച്ച് തട്ടിപ്പുകാർ നിങ്ങളുടെ കമ്പ്യൂട്ടർ ഹാക്ക് ചെയ്യും
ഹാക്കർമാർ ആവശ്യപ്പെട്ട പണം നൽകിയെങ്കിൽ മാത്രമേ തിരികെ ലഭിക്കൂ
വാട്‌സ് ആപ്പ് അപ്ഡേറ്റ് ചെയ്യേണ്ടത് ഫോണിന്റെ പ്ലേ സ്റ്റോറിൽ നിന്നു മാത്രമാണ്. വാട്‌സ് ആപ്പിന്റെ സന്ദേശങ്ങൾ ഒന്നും തന്നെ ഇ മെയിലിൽ ലഭിക്കില്ല.
-ജില്ലാ സൈബർ സെൽ, കോട്ടയം
സ്വകാര്യ ആശുപത്രിയും പെട്ടു
വാട്‌സ് അപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഇ - മെയിലിൽ ക്ലിക്ക് ചെയ്‌ത ജില്ലയിലെ സ്വകാര്യ ആശുപത്രിയും പെട്ടു. മാസങ്ങളോളമാണ് ആശുപത്രിയ്‌ക്ക് വിവരങ്ങൾ ഉപയോഗിക്കാനാവാതെ പോയത്. ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറിലെ വിവരങ്ങൾ ഉപയോഗിക്കുന്നതിനായി ലക്ഷങ്ങൾ വില വരുന്ന ബിറ്റ് കോയിനാണ് ആവശ്യപ്പെട്ടത്.