തലയോലപ്പറമ്പ്: അക്കരപ്പാടം ഗവ. യു പി സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂൾ വളപ്പിൽ നട്ട ജൈവ പച്ചക്കറി കൃഷിയിൽ വിളഞ്ഞത് നൂറുമേനി വിളവ്. സ്‌കൂളിന്റെ പ്രവേശന കവാടം മുതൽ നിരത്തിവച്ചിരിക്കുന്ന ഗ്രോബാഗിൽ വെണ്ട, പച്ച മുളക്, തക്കാളി, വഴുതന, പതിനെട്ടുമണി വള്ളിപ്പയർ, എന്നിവയും കൃഷിചെയ്തിരിക്കുന്നു. കൂടാതെ ചീരകൃഷിക്കായി പ്രത്യേകം തോട്ടവുമുണ്ട്. കൃഷിയുടെ വിത്തിടൽ, നന, വളമിടീൽ എന്നിവ അടക്കമുള്ള കൃഷി പരിപാലനം കുട്ടികൾ രാവിലെയും വൈകിട്ടും മറ്റ് ഇടവേളകളിലുമാണ് ചെയ്യുന്നത്. കുട്ടികൾക്കാവശ്യമായ എല്ലാ പിന്തുണയും സ്‌കൂൾ പി.ടി.എയും വികസന സമിതി അംഗങ്ങളും നൽകുന്നുണ്ട്. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുന്നതിന് ആവശ്യമായ പച്ചക്കറികൾ വില കൊടുത്ത് വങ്ങേണ്ട അത് ഇവിടെ നിന്നും ലഭിക്കും. സ്‌കൂൾ മുറ്റത്തെ കോഴി വളർത്തൽ പദ്ധതിയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ 20 കോഴിക്കുഞ്ഞുങ്ങളെയാണ് കുട്ടികൾ സ്‌കൂളിൽ വളർത്തുന്നത്.സ്‌കൂൾ ഹരിതാഭമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും സ്‌കൂൾ മനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിന് വെളിയിലേക്കും കുട്ടികളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത് രക്ഷിതാക്കൾ സന്തോഷത്തോടെ കാണുന്നത്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്ന സ്‌കൂളിൽ ഇപ്പോൾ എണ്ണം വർഷംതോറും കൂടി വരുന്നുണ്ട്. ഗ്രാമവാസികൾ സ്‌കൂൾ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നത് മൂലം സ്‌കൂൾ പ്രവർത്തനം അവധി ദിവസങ്ങളിലും നടക്കുന്നുണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണം എന്നിവ നൽകി വരുന്നു.