പാലാ: കിഴതടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ്. സി. കാപ്പൻ പാലായുടെ എം.എൽ.എ ആകേണ്ടയാളാണെന്ന് ബി.ജെ.പി പാലാ നിയോജക മണ്ഡലം കൺവീനർ രഞ്ജിത്ത് മീനാഭവൻ. പാലാ കിഴതടിയൂർ ബാങ്കിന്റെ കിസ്‌ക്കോ ഹെൽത്ത് കോംപ്ലക്‌സ് ശിലാ സ്ഥാപന സമ്മേളന വേദിയിലാണ് ഇടതു മുന്നണി നേതാവു കൂടിയായ ജോർജ്. സി. കാപ്പനെ ബി.ജെ.പി. നേതാവ് പുകഴ്ത്തിയത്. ജോർജിന്റെ ഇളയ സഹോദരനായ മാണി. സി .കാപ്പനാണ് നിലവിലെ എം.എൽ.എ. ജോർജ് സി. കാപ്പനെപ്പറ്റിയുള്ള ബി.ജെ.പി. നേതാവിന്റെ അഭിപ്രായം കേട്ട വേദിയിലുണ്ടായിരുന്ന ഐ.എൻ.ടി. യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ കമന്റ്; 'ചേട്ടനേയും അനിയനേയും കൂടി കുഴപ്പത്തിലാക്കല്ലേ...!" രഞ്ജിത്തിന്റെ വാക്കുകളെ കയ്യടിയോടെ എതിരേറ്റ സദസ് ചന്ദ്രശേഖരന്റെ കമന്റ് കേട്ട് പൊട്ടിച്ചിരിച്ചു. ' ഞാൻ ഇവിടെ വന്നത് മുതൽ ശ്രദ്ധിക്കുകയാണ്; ബാങ്ക് പ്രസിഡന്റ് ജോർജ്. സി. കാപ്പനെ എല്ലാവരും അറിയും. അടുത്തു വന്ന് എല്ലാവരും പരിചയം പുതുക്കുന്നു. അദ്ദേഹം എല്ലാവരെയും പേര് ചൊല്ലി വിളിക്കുന്നു. ജനങ്ങളുമായി എത്ര നല്ല ബന്ധം. അദ്ദേഹം നയിക്കുന്ന ബാങ്ക് കടന്നു ചെല്ലാത്ത മേഖലകളുമില്ല. ഇത്രയേറെ ജനസ്വാധീനമുള്ള കാപ്പൻ സാർ, തീർച്ചയായും എം. എൽ.എയെങ്കിലും ആകേണ്ട ആളാണ് " രഞ്ജിത്ത് കൂട്ടിച്ചേർത്തു. ഐ.എൻ. ടി. യു സി. പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, പാലാ നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ തുടങ്ങിയ യു.ഡി.എഫ്. നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത പ്രമുഖരെല്ലാം ജോർജ്. സി .കാപ്പന്റെ സംഘടനാ പാടവത്തെ പുകഴ്ത്തി. കിഴതടിയൂർ സഹകരണ ബാങ്കിനെ സംസ്ഥാനത്തെ ഏറ്റവും നല്ല സഹകരണ ബാങ്കിന്റെ നിരയിലേക്ക് വളർത്തിയത് ജോർജ് സി. കാപ്പന്റെ കഠിനാദ്ധ്വാനവും ദീർഘവീക്ഷണവും കൊണ്ടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടു.