മണിമല: കറിക്കാട്ടൂർ സി.സി.എം ഹയർസെക്കൻഡറി സ്‌കൂളിലെ പെൺകുട്ടികളുടെ ശൗചാലയത്തിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോക്സോ ചുമത്തപ്പെട്ട ടോമിനെ അറസ്റ്റു ചെയ്യാത്തതിനെതിരെ ഡി.വൈ.എഫ്.ഐ സമരത്തിനിറങ്ങിയപ്പോൾ അടുത്ത മാസം നടക്കുന്ന സഹകരണ ബാങ്ക് തിരിഞ്ഞെടുപ്പ് കഴിയട്ടേയെന്ന് സി.പി.എം നിലപാട്. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവും പ്രദേശത്തെ പ്രമുഖ കുടുംബക്കാരനുമായ ഇയാളെ അറസ്റ്റ് ചെയ്യാൻ ഇടപെട്ടാൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന 'വിദഗ്ദ്ധോപദേശത്തിലാണ്' പാർട്ടിയുടെ മെല്ലേപ്പോക്ക്.

ഒളികാമറ വച്ച ടോമിനെ രക്ഷിക്കാൻ പരമാവധി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് സമരവുമായി ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങിയത്. ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിനെതിരെ പാർട്ടി നേരിട്ട് സമരത്തിനിറങ്ങിയാൽ ഈ പ്രദേശത്തെ വിശ്വാസികളുടെ വോട്ട് തിരഞ്ഞെടുപ്പിൽ കിട്ടില്ലെന്നാണ് പാർട്ടിയിലെ ചിലരുടെ നിലപാട്. ക്രിസ്ത്യൻ വിഭാഗത്തിന് ഭൂരിപക്ഷമുള്ള സഹകരണ ബാങ്കിൽ കാലങ്ങളായി യു.ഡി.എഫാണ് ഭരിച്ചിരുന്നത്. എന്നാൽ അഴിമതി മൂലം രണ്ട് വർഷത്തിലേറെയായി അഡ്മിനിസ്ട്രേറ്റീവ് ഭരണം നടക്കുന്ന സാഹചര്യത്തിൽ വിജയിക്കാനുള്ള അവസരം ഇക്കാരണങ്ങൾകൊണ്ട് കളയേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ടോമിന്റെ കുടുംബത്തിന് പ്രദേശത്ത് സ്വാധീനുമുള്ളതിനാൽ സി.പി.ഐയും ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ല. ടോമിന്റെ സഹോദരൻ പുരോഹിതനും ബന്ധു ഇതേ സ്കൂളിലെ അദ്ധ്യാപികയുമാണ്. ഇക്കാരണങ്ങൾ കൊണ്ട് ടോമിനെതിരെ പരാതി കൊടുക്കാൻ പോലും മാനേജ്മെന്റും പി.ടി.എയും ആദ്യം തയ്യാറായില്ല. തന്റെ മോൾ രാവിലെ വീട്ടിൽ നിന്ന് ടോയ് ‌ലെറ്റിൽ പോയാൽ വൈകിട്ട് വീട്ടിൽ വന്നേ ടോയ് ‌ലെറ്റിൽ പോകൂയെന്നായിരുന്നു പരാതി നൽകാത്തതിനെ കുറിച്ച് ഒരു പി.ടി.എ അംഗത്തിന്റെ മറുപടി. അതേസമയം ടോം മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലുണ്ടെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.