കോട്ടയം: നവമാദ്ധ്യമങ്ങൾ വഴി ജോസ് കെ മാണി എം.പിയേയും അന്തരിച്ച പാർട്ടി ലീഡർ കെ.എം മാണിയേയും മറ്റും വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ജോസ് വിഭാഗം നേതാക്കൾ ജോസഫ് പക്ഷം നേതാക്കൾക്കെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ, കോട്ടയം ജില്ലാ പൊലീസ് മേധാവി, തൊടുപുഴ ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകി.
അപ്പു ജോൺ ജോസഫ്, സജി മഞ്ഞക്കടമ്പിൽ, രാകേഷ് ഇടപ്പുര, ഷാജി അറക്കൽ, ഷാജി അഴികണ്ണിക്കൽ തുടങ്ങി പതിനഞ്ചോളം ആളുകൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവിക്ക് യൂത്ത് ഫ്രണ്ട് എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ.എം. അഖിൽ ബാബുവും കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കേരള കോൺഗ്രസ് എം നേതാവ് അഗസ്റ്റിൻ തേക്കുംകാട്ടിലും തൊടുപുഴ ഡിവൈ.എസ്.പിക്ക് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി മെമ്പർ ജയകൃഷ്ണൻ പുതിയേടത്തുമാണ് പരാതി സമർപ്പിച്ചത്. കൂടുതൽ അന്വേഷണത്തിനായി സൈബർ വിഭാഗത്തിന് പൊലീസ് പരാതി കൈമാറിയിട്ടുണ്ട്.