കൊഴുവനാൽ: ബത്തേരിയിലെ പോലെയല്ല, പാലാ കൊഴുവനാലിലെ അദ്ധ്യാപകർ; ശാരീരികാസാസ്ഥ്യം അനുഭവപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിയെ നിമിഷങ്ങൾക്കകം ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയതിന്റെ ആശ്വാസത്തിലാണ് കൊഴുവനാൽ സെന്റ് ജോൺസ് നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ട് അദ്ധ്യാപികമാർ.

ബത്തേരി സർവജന സ്‌കൂളിലെ ദുരന്തം കേരളം ചർച്ച ചെയ്യുമ്പോഴാണ് കഴിഞ്ഞ ദിവസം കൊഴുവനാൽ സ്‌കൂളിലെ അദ്ധ്യാപികമാരുടെ സമയോചിതമായ ഇടപെടൽ ഒരു കുട്ടിയുടെ ജീവൻ രക്ഷിച്ചത്. പ്ലസ് വണ്ണിനു പഠിക്കുന്ന വിദ്യാർത്ഥി തനിക്ക് തലവേദനയാണെന്ന് പറഞ്ഞതോടെയാണു സംഭവങ്ങളുടെ തുടക്കം.

സോഷ്യൽ വർക്ക് അദ്ധ്യാപിക സിലിമോൾ സെബാസ്റ്റ്യൻ ക്ലാസ് എടുത്തു കൊണ്ട് നിൽക്കുമ്പോഴായിരുന്നു സംഭവം. തന്നോട് ഓടിക്കളിക്കരുതെന്ന് ഡോക്ടർ വിലക്കിയിട്ടുണ്ടെന്നും ഇന്റർവെല്ലിൽ താൻ ഓടിക്കളിച്ചെന്നും വിദ്യാർത്ഥി അദ്ധ്യാപികയോടു പറഞ്ഞു. സിലിമോൾ കുട്ടിയുടെ ക്ലാസ് ടീച്ചർ റാണിയെ ഉടൻ വിവരം ധരിപ്പിച്ചു. ഇതിനിടെ കുട്ടി ഛർദ്ദിക്കാനും തുടങ്ങി. സ്‌കൂളിൽ നിന്നും മിക്ക പുരുഷ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയതിനാൽ വനിതാ അദ്ധ്യാപകരെ ഇവിടെ ഉണ്ടായിരുന്നുള്ളൂ.

ക്ലാസ്സ് ടീച്ചറായ റാണി ഉടൻ അവരുടെ കാറിൽ കുട്ടിയെ കയറ്റി. അദ്ധ്യാപികയായ സിലിമോൾ സെബാസ്റ്റ്യനും ഹൈസ്‌കൂളിൽ നിന്ന് ഒരു ഓഫീസ് സ്റ്റാഫിനേയും കൂട്ടി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ ആദ്യം എത്തിച്ചു. ഇവിടെ വിദ്യാർത്ഥിക്ക് ഓക്‌സിജൻ നൽകി. കുട്ടിക്ക് ബ്ലഡ് പ്രഷർ തീരെ കുറവായതിനാലും കൈകാലുകൾ മരവിപ്പ് അനുഭവപ്പെടുന്നതായി കണ്ടെത്തിയതിനാലും ആശുപത്രി അധികൃതർ ഉടൻ ആംബുലൻസ് ഏർപ്പെടുത്തി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. അദ്ധ്യാപികമാരും ആംബുലൻസിൽ കയറി. കുറേക്കൂടി സൗകര്യമുള്ള പാലായിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ വിദ്യാർത്ഥിയുടെ മാതാപിതാക്കളെയും വിവരമറിയിച്ചു. രണ്ടു മണിക്കൂറത്തെ വിദഗ്ദ്ധ ചികിത്സകൊണ്ട് കുട്ടി അപകട നില തരണം ചെയ്തു. അപ്പോഴേയ്ക്കും എത്തിയ മാതാപിതാക്കളെയും കൂട്ടി വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ശേഷമാണ് രണ്ട് അദ്ധ്യാപികമാരും മടങ്ങിയത്.