എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലി ഇനി തിരക്കിന്റെ നാളുകളിലേയ്ക്ക്. എങ്ങും ഭക്തിനിർഭരമായ കാഴ്ച്ചകൾ. കൊച്ചമ്പലത്തിൽനിന്ന് വാവരുപള്ളിയെ വലംവച്ചു പേട്ടതുള്ളി അയ്യപ്പ ഭക്തർ വലിയമ്പലത്തിലേയ്ക്ക് നീങ്ങുന്ന കാഴ്ച മതസൗഹാർദ്ദത്തിന്റെ അസുലഭമായ ദൃശ്യമാണ്. ചായങ്ങൾ വാരിപ്പൂശി ചെണ്ട ഉൾപ്പെടെയുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തീർത്ഥാടകർ പേട്ട തുള്ളുന്നത് .
തുടക്കത്തിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ചെറിയ തടസങ്ങൾ ഉണ്ടായെങ്കിലും റോഡുകൾ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. പൊലീസ്, റവന്യൂ കൺട്രോൾ റൂമുകൾ സീസൺ ഏകോപനത്തിനും നടത്തിപ്പിനുമായി തുറന്നു. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. താത്കാലിക പാർക്കിംഗ് ഗ്രൗണ്ടും ക്രമീകരിച്ചു. ആരോഗ്യവകുപ്പ് ദേവസ്വം സ്‌കൂളിൽ മെഡിക്കൽ ക്യാമ്പ് തുടങ്ങി. ഇത് ശബരിമല തീർത്ഥാടകർക്കും നാട്ടുകാർക്കും പ്രയോജനം ചെയ്യും. ഇതിനിടെ ദേവസ്വം ബോർഡ് കഴിഞ്ഞ മണ്ഡല,മകരവിളക്ക് സീസണിൽ കുത്തക ലേലം പിടിച്ച ശേഷം തുക തിരികെ അടക്കാതിരുന്നവർക്കെതിരെ നടപടികളിലേക്ക് കടന്നു. ഒരു കരാറുകാരന്റെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തിചെയ്ത് കോടതി ഉത്തരവായി. 1650000 രൂപയാണ് കരാറുകാരൻ അടക്കാനുണ്ടായിരുന്നത്. ഇതിനാലാണ് നിയമനടപടികളിലേയ്ക്ക് കടന്നതെന്ന് എരുമേലി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓ .ജി .ബിജു പറഞ്ഞു .