കണമല : റോഡിന്റെ വശങ്ങളിലെ പൊന്തക്കാടുകൾ വെട്ടിമാറ്റണമെന്ന് പൊതുമരാമത്ത് വകുപ്പിൽ പഞ്ചായത്ത് അംഗം പരാതി അറിയിച്ചതിന് പിന്നാലെ വാഹനം തട്ടി പാതയോരത്തെ പൊന്തക്കാട്ടിൽ വീണ് അംഗത്തിന്റെ മകൾക്ക് പരിക്ക്. കണമല വാർഡംഗം അനീഷ് വാഴയിലിന്റെ മകൾ കണമല സെന്റ് തോമസ് യു പി സ്‌കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അന്നയ്ക്കാണ് (ഏഴ് ) നിസാര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ തീർത്ഥാടക വാഹനം കണ്ട് പാതയോരത്തെ കാടിന്റെ അടുത്തേക്ക് നീങ്ങി നിൽക്കുമ്പോൾ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തട്ടി ബാലിക തെറിച്ചുവീഴുകയായിരുന്നു. നിസാര പരിക്കേറ്റ അന്നയ്ക്ക് പ്രാഥമിക ശുശ്രൂഷ നൽകി. കാൽനട യാത്രക്കാർക്ക് നടക്കാൻ ഒട്ടും ഇടമില്ലാതെ പൊന്തക്കാട് വളർന്നിരിക്കുകയാണ് ശബരിമല പാതകളായ കണമല, മൂക്കംപെട്ടി റോഡുകളിൽ. ശബരിമല സീസണാകുമ്പോൾ കാട് തെളിക്കൽ മരാമത്ത് വകുപ്പ് നടത്താറുള്ളതാണ്. എന്നാൽ ഇത്തവണ ഈ പണികളൊന്നും നടത്തിയിട്ടില്ല. ഇത് സംബന്ധിച്ച് മരാമത്ത് ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം പരാതി അറിയിച്ചിരുന്നെന്നും നടപടികൾ സ്വീകരിച്ചില്ലെന്നും വാർഡ് അംഗം അനീഷ് പറയുന്നു.