വാഴൂർ: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു പുതിയ റോഡ് യാഥാർത്ഥ്യമാകുന്നു. ആശുപത്രിയിലേക്ക് നിലവിലെ വഴി കുത്തനെയുള്ള കയറ്റമായതിനാൽ യാത്ര ക്ലേശകരമാണ്. പുതിയ വഴി നിർമ്മിക്കണമെന്ന ആവശ്യം മുൻനിറുത്തി നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായി ഉണ്ണികൃഷ്ണൻ നായർ ശാന്തി ഭവൻ, ചേന്നങ്കുളം ഇന്ദിര, കല്ലുമ്മേക്കുന്നിൽ(കൈനടിയിൽ) സുകുമാരൻ, കൗന്നിലത്തിൽ ജോസ് എന്നിവർ വഴിക്കാവശ്യമായ സ്ഥലം സൗജന്യമായി വിട്ട് നൽകി.
സ്ഥലം അളന്ന് തിരിച്ച് കുറ്റിയടിച്ചു. വഴി ഗതാഗത യോഗ്യമാകണമെങ്കിൽ 150 മീറ്ററോളം കരിങ്കൽ സംരക്ഷണ ഭിത്തി നിർമ്മിക്കണം. സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ ഉടൻ വഴി യാഥാത്ഥ്യമാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് പദ്ധതി ഭേദഗതി സമയത്ത് 5 ലക്ഷം രൂപ വകയിരുത്തി. ജില്ല ആസൂത്രണ സമിതിയുടെ അനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കും.