കോട്ടയം: റിട്ട.എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിച്ച് കസ്റ്റഡിയിൽ എടുത്തയാൾ ഒാടി രക്ഷപ്പെട്ടു. എന്നാൽ, കസ്റ്റഡിയിൽ 24 മണിക്കൂർ കഴിഞ്ഞതിനാൽ ഇയാളെ വിട്ടയച്ചതാണെന്നാണ് പൊലീസിന്റെ വാദം.

തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യനാണ് (ഷിജോ - 45) പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. തെള്ളകം മുടിയൂർക്കര പറയകാവിൽ റിട്ട.എസ്.ഐ സി.ആർ ശശിധരനെ(62) വീടിനു സമീപത്തെ റോഡരികിൽ വെട്ടേറ്റു മരിച്ച സംഭവത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശശിധരനുമായി അതിർത്തി തർക്കമുണ്ടായിരുന്ന ഷിജോ മറ്റ് അയൽവാസികളുമായും വഴക്കിലായിരുന്നു. സമാന രീതിയിൽ കുമാരനല്ലൂർ സ്വദേശിയെ ഷിജോ ആക്രമിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ഷിജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് രണ്ടു ദിവസമായി ചോദ്യം ചെയ്‌തു വരികയായിരുന്നു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു എതിർവശത്തുള്ള ഹോട്ടലിൽ ഷിജോയെ ഭക്ഷണം കഴിക്കാനായി രണ്ടു പൊലീസുകാർ കൊണ്ടു പോയിരുന്നു. എന്നാൽ, ഇവിടെ നിന്നും പുറത്തേയ്‌ക്ക് ഇറങ്ങുന്നതിനിടെ ഷിജോ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു. തുടർന്ന് പ്രദേശത്ത് പൊലീസ് തെരച്ചിൽ നടത്തി.

എന്നാൽ ഷിജോയ്‌ക്കെതിരായ തെളിവുകൾ ശേഖരിക്കാൻ ഇനിയും സാധിച്ചിട്ടില്ലാത്തതിനാൽ ചോദ്യം ചെയ്ത് വിട്ടയച്ചുവെന്ന വിശദീകരണമാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ് നൽകുന്നത്.

സമാനമായ രീതിയിൽ തലയ്‌ക്കടിയേറ്റു എന്ന പരാതിയുമായി നാട്ടുകാരിൽ ചിലരും എത്തിയിരുന്നു. എന്നാൽ, ആക്രമണമുണ്ടായപ്പോൾ ഇവരാരും എന്തുകൊണ്ടു പരാതി പറഞ്ഞിരുന്നില്ലെന്നതു പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു.