കോട്ടയം: ഭൂരിഭാഗം കുടുംബപ്രശ്‌നങ്ങളുടെയും മൂലകാരണം ആശയ വിനിമയത്തിലുണ്ടാകുന്ന അപാകതകളാണെന്ന് വനിതാ കമ്മിഷൻ അംഗം ഇ.എം രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാംഗങ്ങൾ ഒരുമിച്ച് ചെലവഴിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്തണം. പെൺകുട്ടികൾക്ക് മതിയായ വിദ്യാഭ്യാസം നൽകുന്നതിൽ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധ പുലർത്തണം. മികച്ച ആലോചനകൾ വരുമ്പോൾ പഠനവും തൊഴിലും ഉപേക്ഷിച്ച് വിവാഹിതരാകുന്ന പെൺകുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് കാലക്രമേണ നിരാശയ്ക്കും കുടുംബ പ്രശ്‌നങ്ങൾക്കും വഴിതെളിക്കുമെന്ന് കമ്മിഷൻ അംഗം പറഞ്ഞു. അകന്നു കഴിഞ്ഞ രണ്ട് കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ അദാലത്തിൽ പരിഹരിച്ചു. അദാലത്തിൽ പരിഗണിച്ച 75 കേസുകളിൽ 17 എണ്ണം തീർപ്പാക്കി. അടുത്ത അദാലത്ത് ഡിസംബർ 17ന് നടക്കും. കമ്മിഷൻ ഡയറക്ടർ വി.യു കുര്യാക്കോസും പങ്കെടുത്തു.