accident-jpg

ഇന്നലെ ഉണ്ടായത് അഞ്ച് വ്യത്യസ്ഥ അപകടങ്ങൾ 4 പേർക്ക് പരിക്ക്


തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തലപ്പാറ വെട്ടിക്കാട്ട് മുക്ക് റോഡിൽ അപകടംപതിവാകുന്നു. ഇന്നലെ ഇവിടെ ഉണ്ടായ 5 വ്യത്യസ്ത അപകടങ്ങളിൽ 4 പേർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8 നാണ് ആദ്യ അപകടം ഉണ്ടായത്. പൊതി പാലത്തിനു സമീപം കുഴിയിൽ വീഴാതിരിക്കാകാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് സ്‌കൂൾ വിദ്യാർത്ഥിക് പരുക്കേറ്റു. തലയോലപ്പറമ്പ് ബഷീർ സ്മാരക സ്‌കൂളിലെ 8–ാം ക്ലാസ് വിദ്യാർഥി പൊതി മയ്യോട്ടികാലായിൽ ജിഷ്ണു ഷാജി (13)നാണ് പരുക്കേറ്റത്. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് തലപ്പാറ ജംഗ്ഷനിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു.വാഹങ്ങൾ തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് 6.15ന് തലപ്പാറ ആലിൻ ചുവട് ജംഗ്ഷന് സമീപം സോഡ കയറ്റിവന്ന പെട്ടി ഓട്ടോയിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ കീഴൂർ ചേലയ്ക്കൽ ജോൺ(65) ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണ്ണമായി തകർന്നു.ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് എത്തിയാണ് പുനസ്ഥാപിച്ചത്. വൈകിട്ട് 6.30ന് വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം അമിതവേഗത്തിൽ പോയ ടൂറിസ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികന് പരുക്കേറ്റു. പിറവം ഇടയ്ക്കാട്ടുവയൽ വേഴത്ത്മൂഴിയിൽ റിട്ടേഡ് അദ്ധ്യാപകൻ വി.സി.മാണിക്കുഞ്ഞ് (72)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ പൊതി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 7നാണ് അഞ്ചാമത്തെ അപകടം ഉണ്ടായത് തലയോലപ്പറമ്പ് പഞ്ചായത്ത് ജംഗ്ഷന് സമീപം പാലത്തിൽ യുവതി സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് സാരമായി പരിക്കേറ്റ വല്ലകം കിഴക്കേ പള്ളത്ത് ജ്യോതി (44) നെ പൊതി മേഴ്‌സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഇല്ലിതൊണ്ട് ഇംഗ്ഷന് സമീപം നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചിരുന്നു. അലക്ഷ്യമായി വാഹനങ്ങൾ ഓടിക്കുന്നതും അമിത വേഗതയുമാണ് മിക്ക അപകടങ്ങളുടെയും കാരണം. തലയോലപ്പറമ്പ് തലപ്പാറ റോഡിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ചെറുതും വലുതുമായ 12 ഓളം അപകടങ്ങളാണ് നടന്നത്. അമിത വേഗത നിയന്ത്രിക്കുന്നതിനും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനെതിരെയും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.