വൈക്കം: ചങ്ങല പൊട്ടിച്ചു വന്ന വളർത്തുനായ വയോധികരായ മൂന്നു സത്രീകളെ കടിച്ചു പരിക്കേൽപ്പിച്ചു. ജനങ്ങളെ ഭീതിയിലാഴ്ത്തി പാഞ്ഞ നായ പിന്നീട് ആടിന്റ ചെവി കടിച്ചെടുത്തു. വൈക്കം തലയാഴം കൊതവറയിൽ ചക്കാലത്തറ നന്ദിനി (78), പുതിയാമീത്തിൽത്തറ ലില്ലിക്കുട്ടി ( 57), തലയാഴം പ്ലാക്കാടംപള്ളിൽ ത്രേസ്യാമ്മ (74) മകൻ ജോബ് (54) എന്നിവർക്കാണ് കടിയേറ്റത്. നന്ദിനിയമ്മയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത്രേസ്യാമ്മ,ജോബ് എന്നിവർ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വീട്ടുകാരുമായി നന്നായി ഇണങ്ങിയിരുന്ന നായ ഞായറാഴ്ച മുതൽ അസ്വാഭാവികമായി പെരുമാറിതുടങ്ങിയിരുന്നെന്ന് സമീപവാസികൾ പറയുന്നു. പുത്തൻപുരയിൽ ജോമോന്റെ ആടിന്റെ ചെവിയാണ് കടിച്ചെടുത്തത്. പിന്നീട് കഴുത്തിൽ ചങ്ങലയുമായി ചുറ്റിത്തിരിഞ്ഞ നായയെ നാട്ടുകാർ പിടികൂടി ബന്ധിച്ചു നിരീക്ഷിച്ചു വരികയാണ്.