ചങ്ങനാശേരി: വലിയ ആഘോഷങ്ങൾക്കാണ് ഇനി ചങ്ങനാശേരി കാതോർക്കുന്നത്. ആദ്യം പാറേൽ പള്ളി തിരുനാൾ, പിന്നാലെ ചന്ദനക്കുടവും, ക്രിസ്തുമസും ചിറപ്പ് മഹോത്സവും. സന്ധ്യമയങ്ങിയാൽ നഗരം ജനസമുദ്രമാകുന്ന ദിനങ്ങൾ. പക്ഷേ എന്തുധൈര്യത്തിൽ ജനം നഗരത്തിലെ റോഡിലേക്ക് ഇറങ്ങും. സന്ധ്യമയങ്ങിയാൽ നഗരവീഥികളിൽ വെളിച്ചത്തിന്റെ കണികപോലുമില്ല. നഗരം തിരക്കിലമരുമ്പോഴും പ്രധാന റോഡുകളിലേത് ഉൾപ്പെടെ വഴിവിളക്കുകൾ പ്രവർത്തനരഹിതമാണ്.
എം.സി റോഡിനും വാഴൂർ റോഡിനും പുറമേ പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകളിലും സമാന സ്ഥിതിയാണ്. അതേസമയം പരാതി ഉയരുമ്പോഴും വഴിവിളക്കുകൾ തെളിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമില്ല. ചങ്ങനാശേരി നഗരത്തിൽ സെൻട്രൽ ജംഗ്ഷൻ, പെരുന്ന ബസ് സ്റ്റാൻഡ്, പെരുന്ന റെഡ് സ്‌ക്വയർ, എസ്.എച്ച് ജംഗ്ഷൻ എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് വിളക്കുകകൾ മാസങ്ങളായി പണിമുടക്കിലാണ്. സെൻട്രൽ ജംഗ്ഷനിലെ ഹെമാസ്റ്റ് വിളക്ക് മിഴിയടച്ചത് വ്യാപാരികളെ ഉൾപ്പെടെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വാഴൂർ റോഡിൽ വാഹനങ്ങളുടെ വെളിച്ചം മാത്രമാണ് രാത്രി യാത്രയ്ക്ക് ആശ്രയം. വ്യാപാര സ്ഥാപനങ്ങൾ പൂട്ടിയാൽ പിന്നെ കൂരിരുട്ടാണ്. റോഡിലെ ടാറിംഗ് തകർന്ന് പല സ്ഥലങ്ങളിലും കുഴികൾ രൂപപ്പെട്ടു തുടങ്ങിയത് ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടഭീതി ഉയർത്തുന്നുണ്ട്. വാഴൂർ റോഡും പെരുന്തുരുത്തി മണർകാട് ബൈപ്പാസ് റോഡും സംഗമിക്കുന്ന തെങ്ങണ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്കും പ്രവർത്തനരഹിതമാണ്. നിരവധി അപകട മരണങ്ങൾ നടന്നിട്ടുള്ള കവലയാണിത്. മാതൃക ജംഗ്ഷനായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത അവഗണനയാണ് അധികൃതർ കാട്ടുന്നത്.
മാലിന്യം തള്ളുന്നു
ഇരുട്ടിന്റെ മറവിൽ പല സ്ഥലങ്ങളിലും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട് മാന്നില റോഡിൽ മാംസ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നതായി പരാതിയുണ്ട്. ഇതിനെ തുടർന്ന് പ്രദേശത്ത് കടുത്ത ദുർഗന്ധമാണ് വമിക്കുന്നത്. നഗരപ്രദേശത്തും വഴിയരികിലും ഉപറോഡുകളിലും വൻ തോതിൽ മാലിന്യം കുമിഞ്ഞ് കുന്നുകൂടുന്നതായും പരാതിയുണ്ട്.