vellappally

വൈക്കം : അക്കരപ്പച്ചതേടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത് പോയവരെയെല്ലാം ജനങ്ങൾ തിരസ്കരിച്ച ചരിത്രമാണുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ യൂണിയൻ ഭാരവാഹികളുടെ സംയുക്തയോഗം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

ഈഴവ സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാതെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി അക്കരപ്പച്ചതേടി പോയവരാരും നിലനിന്നിട്ടില്ല. യോഗത്തിന്റെ ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. യോഗത്തോട് ചേർന്ന് നിന്ന് കിട്ടാവുന്ന നേട്ടങ്ങളെല്ലാം കൊയ്തെടുത്ത്, എത്താവുന്ന ഉയരങ്ങളിലെല്ലാം എത്തിയിട്ടും ആർത്തി മാറാത്തവരാണ് ഇപ്പോൾ യോഗനേതൃത്വത്തിനെതിരെ തിരിയുന്നതും യോഗത്തെ തന്നെ ശിഥിലമാക്കാൻ ശ്രമിക്കുന്നതും. സ്ഥാനമാനങ്ങൾ നൽകിയ സമുദായത്തെ മറന്ന് വഴിതെറ്റിയാണ് സഞ്ചാരമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ചിലർ ശത്രുക്കളായി. അധികാര വ്യാമോഹത്താൽ സമനില തെറ്റിയ അവർക്ക് പുതിയ മേച്ചിൽപുറങ്ങൾ വേണം. അത് സംഘടന തകർത്തിട്ടായാലും മതി എന്നാണ് നിലപാട്. അതിനായി കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. യോഗനേതൃത്വത്തിനെതിരെ മുൻസിഫ് - മജിസ്ട്രേട്ട് കോടതികൾ മുതൽ സുപ്രീം കോടതി വരെ നിരന്തരം കേസുകൾ കൊടുത്ത് യോഗത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ വരെ തടസ്സപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ പല തലങ്ങളിൽ മത്സരിച്ച് പുറത്ത് പോയവർ, ആഗ്രഹിച്ച അവസരങ്ങൾ നഷ്ടമായവർ, അനുയായികളില്ലാതെ സ്വയം നേതാവായി പ്രഖ്യാപിച്ച് നടക്കുന്നവർ, ഇങ്ങനെ പലരെ കൂട്ടുപിടിച്ച് യോഗത്തെ തന്നെ തകർത്ത് യോഗനേതൃത്വത്തോട് പ്രതികാരം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം കറുത്ത ശക്തികൾ ഇപ്പോൾ മാത്രമല്ല, മഹാകവി കുമാരനാശാന്റെ കാലത്തും മഹാനായ ആർ.ശങ്കറിന്റെ കാലത്തുമെല്ലാം ഇരുളിന്റെ മറപറ്റി വന്ന് സമുദായത്തിന്റെ വളർച്ചയുടെ വെളിച്ചത്തെ കെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അന്നെല്ലാം ജനകീയ കോടതി ഇവരെ വിചാരണ ചെയ്ത് ഇരുളിലേക്ക് തന്നെ തിരിച്ചയച്ചിട്ടുമുണ്ട്. മുൻമുറക്കാരുടെ ആ തിരിച്ചറിവ് നമുക്കുമുണ്ടാവണം. ഛിദ്ര ശക്തികളെ തിരിച്ചറിയണം. പ്രസ്ഥാനത്തിന്റെ സംഘ ശക്തി കാത്തുസൂക്ഷിക്കാൻ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കണം. ആ സംഘബലമാണ് ഇന്ന് കാണുന്നതെല്ലാം നമുക്ക് നേടിത്തന്നത്.

കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും യോഗത്തിനോ എസ്.എൻ ട്രസ്റ്റിനോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. യൂണിയനുകൾക്കും ശാഖകൾക്കും ആസ്ഥാന മന്ദിരങ്ങളുണ്ട്, ആസ്തിയുണ്ട്. മുൻപ് അംഗീകരിക്കാൻ മടിച്ചിരുന്നവരൊക്കെ ഇന്ന് നമ്മെ അംഗീകരിക്കുന്നു. പക്ഷേ നേടാൻ ഇനിയുമേറെയുണ്ട്. സാമൂഹ്യനീതി ഇന്നും അകലെയാണ്. ക്ഷേത്രപ്രവേശനം അതിന്റെ എല്ലാ അർത്ഥത്തിലും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. ദേവസ്വം ബോർഡിന്റെ പതിനായിരത്തോളം വരുന്ന ജീവനക്കാരിൽ 96 ശതമാനവും സവർണരാണ്. പിന്നാക്കക്കാരായ പുരോഹിതർക്ക് ശ്രീകോവിലിൽ കയറി പൂജ നടത്താനാവുന്നില്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ ആധിപത്യം എന്നത് എല്ലാ വിഭാഗങ്ങൾക്കുമുള്ള സാമൂഹ്യനീതിയാണ്. അത് പ്രാവർത്തികമായില്ല ഇതേവരെ. നിയമത്തിന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം നീതി ലഭിക്കില്ല. പലപ്പോഴും അത് പൊരുതി നേടണം. ഒരു പിന്നാക്കക്കാരനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാൻ എൽ.ഡി.എഫ് ഗവൺമെന്റ് തീരുമാനിച്ചത് ശ്രദ്ധേയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വൈറ്റ് ഗേറ്റ് റസിഡൻസിയിൽ നടന്ന യോഗത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ദേവസ്വം പ്രസിഡന്റ് സന്തോഷ് അരയാക്കണ്ടി, വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതവും എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ നന്ദിയും പറഞ്ഞു. യോഗം കൗൺസിലർമാർ, അസി.സെക്രട്ടറിമാർ, ഇൻസ്പെക്ടിംഗ് ഓഫീസർമാർ എന്നിവരടക്കം 34 യൂണിയനുകളിൽ നിന്നായി 112 പ്രതിനിധികൾ പങ്കെടുത്തു.