കോട്ടയം: ലഹരിയുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് ആയിരങ്ങൾക്ക് ആശ്വാസമാവുകയാണ് വിമുക്തി പദ്ധതിയുടെ ഭാഗമായി പാലാ ജനറൽ ആശുപത്രിയിൽ ആധുനിക നിലവാരത്തിൽ ആരംഭിച്ച ലഹരി വിമോചന കേന്ദ്രവും മാതൃകാ കൗൺസലിംഗ് സെന്ററും. വിമോചന കേന്ദ്രം ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 2290 പേരെയാണ് പുതുജീവിതത്തിലേയ്ക്ക് നയിച്ചത്. സൗജന്യ ചികിത്സയ്ക്ക് പുറമേ കൗൺസലിംഗും നൽകുന്ന ജില്ലയിലെ ഏക സർക്കാർ സ്ഥാപനമാണിത്.

ഒരു മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരുടെ സേവനം ഇവിടെ ലഭിക്കും.
പാലാ ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് പ്രവർത്തനം. നിലവിൽ 10പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിലേയ്ക്ക് പ്രവർത്തനം ആരംഭിച്ചാൽ 20 പേർക്ക് സൗകര്യമൊരുക്കും. വിമുക്തി ലഹരിവർജന മിഷന്റെ ബാനറിൽ എക്‌സൈസ് വകുപ്പും ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മെന്റൽ ഹെൽത്ത് ആക്ടിലെ നിബന്ധന പ്രകാരമുള്ള ആധുനിക സൗകര്യങ്ങളുണ്ട്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെ ഭാഗമായാണ് വിമോചന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

പ്രയോജനങ്ങൾ


ചികിത്സയുമായി ബന്ധപ്പെട്ട എല്ലാമരുന്നുകളും ഉപകരണങ്ങളും സൗജന്യം

മരുന്നിന് പുറമേ കൗൺസലിംഗ്, സൈക്കോ സോഷ്യൽ ഇടപെടലുകൾ

രോഗികൾക്ക് യോഗ തെറാപ്പി, മ്യൂസിക് തെറാപ്പി തുടങ്ങിയ സൗകര്യങ്ങൾ

ചികിത്സ പൂർത്തിയായവർ ലഹരിയിലേക്ക് മടങ്ങാതിരിക്കാൻ തുടർചികിത്സ

ചികിത്സ തേടിയവർ

ഒ.പി 2290 പേർ

ഐ.പി 166

'' പ്രായഭേദമില്ലാതെ എല്ലാവർക്കും ചികിത്സ ഒരുക്കുന്നുണ്ട്. ചികിത്സ കഴിഞ്ഞ് പോകുന്നവരുടെ ബന്ധുക്കളുടെ സന്തോഷമാണ് പദ്ധതിയുടെ വിജയം. 20കിടക്കകളിലേയ്ക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുകയാണ് ''

ജി.രാധാകൃഷ്ണപിള്ള,​ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ