ചങ്ങനാശേരി: ഒരു തോട് എത്രമാത്രം നശിക്കാമെന്നതിന്റെ നേർക്കാഴ്ചയാണ് വാലുമ്മേച്ചിറ-ആറ്റുവാക്കേരിച്ചിറ തോട് പകർന്നു നൽകുന്നത്. നഗരത്തിലെയും പരിസരങ്ങളിലെയും മാലിന്യം ഇടാൻ മാത്രമായുള്ള കേന്ദ്രമാണ് ഇന്ന് വാലുമ്മേച്ചിറ-ആറ്റുവാക്കേരിച്ചിറ തോട്. നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് ആരംഭിച്ച് മറ്റം, കാക്കാംതോട് വഴി പറാൽ തോട്ടിലേക്ക് ഒഴുകുന്ന തോടാണ് 'മാലിന്യവാഹിനി"യായി മാറിയത്. ഒരുകാലത്ത് നിരവധിപേർക്ക് ആശ്രയമായിരുന്ന തോടിനാണ് ഇന്നീ ദുർഗതി. മാലിന്യനിക്ഷേപം വ്യാപകമായതോടെ തോട്ടിലെ വെള്ളത്തിന്റെ നിറവും മാറി, ഒഴുക്കും നിലച്ചു. മൃഗങ്ങൾ ചത്ത് അഴുകിയ നിലയിൽ കിടക്കുന്നതും ഇവിടെ കാണാമെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനൊപ്പം ഇവിടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേയും വീടുകളിലേയും മാലിന്യങ്ങളുടെ കൂമ്പാരം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മാലിന്യം നീക്കി ആഴം കൂട്ടി പറാൽ തോട്ടിലേക്ക് ചേരുന്ന ഭാഗം വൃത്തിയാക്കിയാൽ പ്രശ്നം പരിഹരിക്കാമെങ്കിലും ഇതിന് നടപടികളൊന്നുമുണ്ടാകുന്നില്ല. ഒപ്പം മാലിന്യം തള്ളുന്നവർക്കുള്ള ശിക്ഷ കഠിനമാക്കിയാൽ തോടിന്റെയും നാടിന്റെയും ദുരിതത്തിന് ശാശ്വതപരിഹാരവുമാകും.
നാട്ടുകാരുടെ ദുരിതം ചില്ലറയല്ല...
ചെറിയ മഴ പെയ്താൽ പോലും തോട്ടിൽ നിന്നുള്ള മലിനജലം സമീപത്തെ വീടുകളിലേക്ക് കയറും. പിന്നെ പ്രദേശമാകെ ദുർഗന്ധം പരക്കും. ഈ സാഹചര്യത്തിൽ ഭക്ഷണം പോലും കഴിക്കാൻ പറ്റാറില്ലെന്ന് നാട്ടുകാർ പറയുന്നു. ഇഷ്ടിക അടുക്കി കട്ടിൽ ഉയർത്തി വച്ച് അതിൽ കയറി ഇരിക്കേണ്ട സ്ഥിതിയാണ് പ്രദേശവാസികൾക്ക്. തോടിനോടു ചേർന്നുള്ള പൈപ്പ് ലൈനിലൂടെ എത്തുന്ന വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. പൈപ്പ് പൊട്ടുമ്പോൾ ആ ഭാഗത്തുകൂടി മലിനജലം കയറുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പണം നൽകി വെള്ളം വാങ്ങണം. മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കുന്നത് അപ്രാപ്യമായതിനാൽ ഇവിടെത്തന്നെ കഴിയാൻ നിർബന്ധിതരാവുകയാണ് സാധാരണക്കാരായ പ്രദേശവാസികൾ.
ബഡ്ജറ്റിൽ പ്രഖ്യാപനം -- 2019-20ലെ നഗരസഭാ ബഡ്ജറ്റിൽ വാലുമ്മേച്ചിറ തോട് ഉൾപ്പെടെയുള്ള ജലാശയങ്ങൾ ശുദ്ധീകരിച്ച് നവീകരിക്കുമെന്ന് പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.