കോട്ടയം: കർഷകരുടെ വ്യക്തിപരമായ വിവരങ്ങൾ ജീവനക്കാരുടെ സ്വകാര്യ മൊബൈലിൽ ശേഖരിക്കണമെന്ന നിർദേശത്തിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജയകൃഷ്‌ണനെ സസ്‌പെന്റ് ചെയ്യുകയും, വി.എസ് മഹേഷിനെ വൈക്കത്തു നിന്ന് കോട്ടയത്തേയ്‌ക്കു സ്ഥലം മാറ്റുകയും ചെയ്‌തു. പ്രതിഷേധിച്ച ജീവനക്കാർക്കെതിരെ നേരത്തെയും നടപടി എടുത്തിരുന്നു. സർവേ വിവരങ്ങൾ സ്വകാര്യ മൊബൈലിൽ ശേഖരിക്കുന്നതായി കേരളകൗമുദി കഴിഞ്ഞ 18 ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയിൽ പ്രതികരണം നൽകിയതിനാണ് ജയകൃഷ്‌ണനെതിരെ നടപടി.
പ്രധാൻമന്ത്രി ഫസൽ ഭീമാ യോജനാ പദ്ധതിയുടെ ഭാഗമായി വിള ഇൻഷ്വറൻസ് അടക്കമുള്ള പദ്ധതികൾക്കു വേണ്ടിയാണ് കർഷകരുടെ വിവരങ്ങൾ ഫോണിൽ ശേഖരിച്ചത്. ഇതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവീസ് സംഘടനകളുടെ യോഗത്തിൽ ജീവനക്കാരുടെ ആശങ്ക പരിഹരിച്ച് മാത്രമേ ഡിജിറ്റലൈസേഷൻ നടത്തൂ എന്നു പറഞ്ഞിരുന്നു. എന്നാൽ, ഇത് നടപ്പായില്ലെന്ന് മാത്രമല്ല, ജീവനക്കാർക്കതിരെ അച്ചടക്ക നടപടിയെടുക്കുകയും ചെയ്തു.
സർക്കാർ നയങ്ങളെയും ചട്ടങ്ങളെയും വിമർശിച്ചു, വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി, മാദ്ധ്യമങ്ങളിൽ പ്രതികരിച്ചു എന്നിവയാണ് നടപടിയിലേയ്ക്ക് നയിച്ചത്.
എന്നാൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ജീവനക്കാരുടെ ആശങ്കകൾ പങ്കു വയ്‌ക്കുക മാത്രമാണ് ചെയ്‌തതെന്ന് ജയകൃഷ്‌ണൻ അറിയിച്ചു.