nivedhanam

ചങ്ങനാശേരി: നിരന്തരമായി ഉണ്ടാകുന്ന പ്രളയക്കെടുതികളെ അതിജീവിക്കാനും കാർഷിക മേഖലയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും കുടിവെള്ളം, ജലഗതാഗതം, കനാലുകളുടെ ആഴം വർദ്ധിപ്പിക്കൽ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ കുട്ടനാട്ടിൽ പാടശേഖരസമിതി ഭാരവാഹികൾ ജനപ്രതിനിധികൾ കർഷകർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവരുടെ സംയുക്തയോഗം ഡിസംബർ ആദ്യവാരം കുട്ടനാട്ടിൽ വിളിച്ചുചേർക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു. കർഷകവേദി, കർഷക ഫെഡറേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിച്ച വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ധനമന്ത്രിക്ക് നിവേദനം നൽകിയപ്പോഴാണ് യോഗം വിളിച്ചു ചേർക്കുമെന്ന് ഉറപ്പു നൽകിയത്. എ.സി കനാൽ തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണെന്ന് മന്ത്രി നിവേദന സംഘത്തെ അറിയിച്ചു. ചങ്ങനാശേരിയിൽ നിന്നും കാവാലം പുളിങ്കുന്ന് ആലപ്പുഴ പ്രദേശങ്ങളിലേക്കുള്ള ജലഗതാഗതവകുപ്പ് ബോട്ട് സർവീസ് കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. കർഷക ഫെഡറേഷൻ പ്രസിഡന്റ് ഔസേപ്പച്ചൻ ചെറുകാട്, കർഷകവേദി ചെയർമാൻ ജിജി പേരകശ്ശേരി, രാഷ്ട്രീയ കിസാൻ മഹാസംഘ് മേഖലാ കൺവീനർ ലാലി ഇളപ്പുങ്കൽ, കർഷക യൂണിയൻ എം.ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജോസി കുര്യൻ എന്നിവർ സംയുക്തമായാണ് ധനമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.