ചങ്ങനാശേരി: സംസ്ഥാന ദുരന്ത നിവാരണ വകുപ്പും ഡയറക്ടറേറ്റ് ഒഫ് ജനറൽ എഡ്യുക്കേഷനും സഹകരിച്ച് സംസ്ഥാനത്തെ 28 സ്‌കൂളുകളിൽ സമഗ്ര സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കോട്ടയം ജില്ലയിൽ വടക്കേക്കര ഗവൺമെന്റ് എച്ച്.എസ്.എസ്, തൃക്കോതമംഗലം ഗവൺമെന്റ് വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളെ ഇതിനായി തിരഞ്ഞെടുത്തു. സ്‌കൂൾ ദുരന്ത നിവാരണ കമ്മിറ്റി രൂപീകരണം, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പരിശീലനം, മോക്ക് ഡ്രില്ലുകൾ തുടങ്ങിയവ സ്‌കൂളുകളിൽ നടപ്പാക്കും. ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം ഫയർ ഫോഴ്‌സ്, പൊലീസ്, സ്‌കൂളിലെ പ്രധാന അദ്ധ്യാപകർ, ആരോഗ്യ വിഭാഗം ജീവനക്കാർ, റവന്യൂ ഉദ്യോഗസ്ഥർ, പഞ്ചായത്ത് വാർഡ് കൗൺസിലർമാർ, സ്‌കൂൾ ലീഡർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.