കണമല : ഇത്തിരിപ്പോന്ന കണമല സെന്റ് തോമസ് യു.പി സ്‌കൂൾ മുറ്റത്ത് അദ്ധ്യാപകൻ ക്രിസ് ജോസഫ് വെണ്ടയും പാവലും നട്ടുതുടങ്ങിയപ്പോൾ കുട്ടികളും പിന്നെ അടങ്ങിയിരുന്നില്ല. ദിവസവും ഉച്ചഭക്ഷണത്തിന് കറികൾക്കെടുത്ത് കഴിഞ്ഞ് വലിയ ബക്കറ്റ് നിറയെ വിളകൾ ബാക്കി വരുന്ന നിലയിലേക്ക് കൃഷിമുറ്റം വളർന്നത് പെട്ടെന്നായിരുന്നു. അഞ്ച് സെന്റിലെ കാർഷിക സമൃദ്ധി കണ്ട് കൃഷി വകുപ്പ് മാർക്കിട്ടപ്പോൾ സ്‌കൂളിനെ തേടിയെത്തിയത് മൂന്ന് അവാർഡുകൾ. കൃഷിയിൽ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള അവാർഡ് കഴിഞ്ഞ ദിവസം മന്ത്രി വി.എസ്.സുനിൽകുമാർ സമ്മാനിച്ചു. അദ്ധ്യാപകൻ ക്രിസ് ജോസഫിനാണ് ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷി അദ്ധ്യാപകനുള്ള അവാർഡ്. ജില്ലയിലെ രണ്ടാമത്തെ മികച്ച കാർഷിക വിദ്യാർത്ഥി ആയി ഏഴാം ക്ലാസ് വിദ്യാർത്ഥിനി ജോമോൾ ജോർജ് തിരഞ്ഞെടുക്കപ്പെട്ടു.
ശുദ്ധമായ നാടൻ പച്ചക്കറി കൃഷി മൂന്ന് വർഷം മുമ്പാണ് സ്‌കൂളിൽ ആരംഭിച്ചത്. സ്‌കൂൾ മുറ്റം നിറയെ കുട്ടികളും അദ്ധ്യാപകരും മുടങ്ങാതെ നടത്തിയ പരിചരണം ഇരട്ടിഫലമായാണ് തിരികെ കിട്ടിയത്. വിഷം ഇല്ലാത്ത തനിനാടൻ പച്ചക്കറികൾ ഇതോടെ സുഭിക്ഷമായി. പച്ചക്കറി കൃഷി വൻ വിജയം ആയതോടെ പഴവർഗ്ഗത്തോട്ടത്തിന് മധുര വനം പദ്ധതി കൂടി ആരംഭിച്ചു. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന പ്ലാവ്, മാവ്, റംബുട്ടാൻ, ചാമ്പ തുടങ്ങിയ ഫല വൃക്ഷങ്ങൾ ഇപ്പോൾ പാകമാകാറായിരിക്കുന്നു. കണക്കുകൂട്ടൽ തെറ്റിച്ചെത്തിയ മഴ മൂലം പച്ചക്കറി ഉത്പാദനം പഴയ പോലെ മെച്ചപ്പെടുത്താനായില്ലെന്ന സങ്കടത്തിലാണ് കുട്ടികൾ.