കോട്ടയം: പാലാ മണ്ഡലത്തിൽ വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന പദ്ധതികൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൂർത്തിയാക്കുന്നതിനൊപ്പം പുതിയ പദ്ധതികൾ ആരംഭിക്കുമെന്നും കോട്ടയം പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തിൽ മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു .
വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന ബൈപാസുകൾ, സർക്കാർ ആശുപത്രി , പാലങ്ങളുടെ അപ്രോച്ച് റോഡ് എന്നിവ അടിയന്തിരമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. അമ്പതു വർഷം കൊണ്ട് കാര്യമായ വികസനം പാലായിൽ നടന്നിട്ടില്ല .ഇന്നും ഗ്രാമങ്ങളിൽ കുടിവെള്ളം പ്രശ്നമാണ്. പത്ത് പേർക്ക് തൊഴിൽ ലഭിക്കുന്ന ഒരു സംരംഭവുമില്ല. സഹകരണ മേഖലയിലുള്ള സംരംഭങ്ങൾ പോലും അടഞ്ഞു കിടക്കുകയാണ്.
മണിമല, തലനാട്, മേലുകാവ് എന്നീ പ്രദേശങ്ങൾ സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. ഇവിടെ ഡബ്ബിംഗ്, എഡിറ്റിംഗ് സംവിധാനമുള്ള സ്റ്റുഡിയോ സ്ഥാപിക്കും.
83 രൂപ വിലയുള്ള ചിരട്ടപ്പാലിന് 120 രൂപ താങ്ങുവില പ്രഖ്യാപിക്കാൻ റബർ ബോർഡുമായി ചർച്ച നടത്തി. റബർ ഷീറ്റാക്കി മാറ്റുന്ന മുതൽ മുടക്കില്ലാതെ കർഷകർക്ക് 60 രൂപ ലാഭം കിട്ടും.
ഒന്നരകോടി മുടക്കി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് നവീകരണം തുടങ്ങി. പുതുതായി 20 കെ.എസ്.ആർ.ടിസി സർവീസുകൾ ആരംഭിച്ചു.
മലയോര മേഖലയിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാനും ശ്രമമായി. എന്നും വെള്ളം ലഭ്യമാക്കാനും വെള്ളപ്പൊക്കം ഒഴിവാക്കാനും ചെക്കുഡാമുകൾ നിർമിക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങി.
വർഷങ്ങളുടെ കായിക പാരമ്പര്യമുള്ള പാലായിൽ സ്പോർട്സ് അക്കാഡമി തുടങ്ങുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. പുതിയ കായിക താരങ്ങളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യം