തലയോലപ്പറമ്പ്: വാങ്ങണമെന്നില്ല സവോളയുടെ വില കേട്ടാൽ കരയും. സവോളയുടെ മൊത്ത വില 100 കടന്നതോടെ അടുക്കളകളിൽ നിന്നും ഉള്ളി ഉത്പന്നങ്ങൾ അപ്രത്യക്ഷമായിത്തുടങ്ങി. വീടുകളിലും ഹോട്ടലുകളിലും ഏറ്റവും കൂടുതൽ വേണ്ട പച്ചക്കറി ഇനമാണ് സവോള, ഉള്ളി, വെളുത്തുള്ളി എന്നിവ. തലയോലപ്പറമ്പ് മാർക്കറ്റിൽ സവോളയുടെ മൊത്ത വില കിലോഗ്രാമിന് 100 കടന്നു. ഉള്ളി കിലോ 120, വെളുത്തുള്ളി കിലോ 180 എന്നിങ്ങനെയാണ് ഇന്നലത്തെ മൊത്തവ്യാപാര വില നിലവാരം.ചില്ലറ വിൽപ്പന വില യഥാക്രമം 110 ,130, 190 എന്നിങ്ങനെയാണ്.വീടുകളിൽ മിക്കവരും ഇപ്പോൾ കുട്ടി സവോളയാണ് വാങ്ങി ഉപയോഗിക്കുന്നത്. അതിനും കൊടുക്കണം കിലോഗ്രാമിന് 70 രൂപ. ഹോട്ടലുകളിലും തട്ടുകടകളിലും മുട്ട, ഇറച്ചിക്കറികൾക്ക് ഏറ്റവും അധികം സവോളയാണ് ഉപയോഗിക്കുന്നത്. പ്രധാനമായും സവോള, ഉള്ളി എന്നിവ വരുന്ന പൂനെയിൽ നിന്നും കൃഷി നാശം മൂലം ഉത്പാദനം ഇല്ലാതെ വന്നതും മറ്റിടങ്ങളിൽ നിന്നുള്ള വരവ് നിലച്ചതുമാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ആദ്യമായാണ് സവോളയുടെ വില നൂറ് കടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.മണ്ഡലകാലം ആരംഭിച്ചതോടെ ഇനിയും വില ഉയരാനുള്ള സാദ്ധ്യതയാണ് ഉള്ളത്.