തലയോലപ്പറമ്പ്: പാലത്തിനായുള്ള മുണ്ടാർനിവാസികളുടെ കാത്തിരിപ്പ് ഇനിയും നീളൂന്നു. പാലമില്ലാത്തത് മൂലം പ്രദേശവാസികൾ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ പറഞ്ഞാൽ തീരില്ല. നാട്ടുകാർ യാത്രാ മാർഗത്തിനായി സ്ഥാപിച്ച വീപ്പ തോണി മറിഞ്ഞ് മുണ്ടാറിൽ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്ക് വന്ന കല്ലറ സ്വദേശിയായ യുവാവിന്റെ ജീവൻ നഷ്ടപെട്ടതും കഴിഞ്ഞ വർഷം ഈ ഭാഗത്തെ വെള്ളപ്പൊക്കദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർ സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരുടെ ജീവൻ പൊലിഞ്ഞതും ദുരന്തങ്ങളിൽ ചിലത് മാത്രമാണ്. അപകടങ്ങളും ദുരന്തങ്ങളും ആവർത്തിച്ചതോടെയാണ് പാലമെന്ന നാട്ടുകാരുടെ ആവശ്യത്തിനായി നടപടികളായത്. തുടർന്ന് പാലം നിർമാണത്തിന്റെ ആദ്യഘട്ടമായി എഴുമാംകായലിന് കുറുകെ പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തികരിച്ചുവെങ്കിലും തൂണിന് മുകളിലേക്കുള്ള പാലത്തിന്റെ കോൺക്രീറ്റിംഗ് ഉൾപെടെയുള്ള പ്രവർത്തികൾക്ക് കാലതാമസം നേരിടുകയാണ്.
ഏക ആശ്രയം താത്കാലിക നടപ്പാലം
പാലം പണി നിലച്ചതോടെ ഇപ്പോൾ നാട്ടുകാർ താത്ക്കാലിക നടപ്പാലം നിർമ്മിച്ചാണ് യാത്രചെയ്യുന്നത്. പാലത്തിനായി തീർത്ത പില്ലറുകൾക്ക് മുകളിലൂടെ അടയ്ക്കാമരവും പലകയും ഉപയോഗിച്ച് താൽകാലികമായി നടപ്പാലം തീർത്താണ് അക്കര ഇക്കരെ കടക്കുന്നത്. മുമ്പ് പാലത്തിനായി സമാന്തരമായി ഉണ്ടാക്കിയിരുന്ന നടപ്പാലം ഉപയോഗിക്കാനാവാത്ത വിധം തകർന്നിരുന്നു. കരിയാർ കടക്കാനായി ഉണ്ടാക്കിയ നടപാലം കാലപഴക്കത്താൽ നാശാവസ്ഥയിലായതോടെ സ്‌കൂളിൽ പോയി വരുന്നകുട്ടികൾ ഉൾപ്പടെയുള്ളവർ ദുരിതത്തിലായിരുന്നു. ഇതോടെ പ്രദേശവാസികൾ പണം പിരിച്ചാണ് തടിയും പലകയുമെത്തിച്ച് താത്കാലിക നടപ്പാത നിർമ്മിച്ച് അപകടം ഒഴിവാക്കിയത്.
മുണ്ടാറിന്റെ ദുരിതം അറിയണം...
കടുത്തുരുത്തി, കല്ലറ, തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളുടെ മദ്ധ്യഭാഗത്ത് നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മുണ്ടാറിൽ 400ൽ അധികം കുടുംബാംഗങ്ങൾ കഴിയുന്നുണ്ട്. തുരുത്തിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എഴുമാംകായൽ കടക്കാതെ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയില്ല. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം.
പാലം നിർമ്മാണം, നാൾവഴികൾ...
നിർമ്മാണത്തിന് 38 ലക്ഷം രൂപ അനുവദിച്ചു
ജലസേചനവകുപ്പിന്റെ അംഗീകാരം ലഭിക്കാൻ കാലതാമസം
എസ്റ്റിമേറ്റ് തുക കുറവാണെന്ന് പ്രശ്‌നം ഉയർന്നു
എസ്റ്റിമേറ്റ് പുതുക്കി 46 ലക്ഷം രൂപ അനുവദിച്ചു
പാലത്തിന്റെ നിർമാണം ആരംഭിച്ചു
എഴുമാംകായലിലൂടെ ബോട്ടുകൾ കടന്ന് പോകുന്നതിനായി ഉയരമുള്ള തൂണുകളാണ് പാലത്തിനായി സ്ഥാപിച്ചു
നിലവിൽ മുണ്ടാറിലേക്കുള്ള പാലം നിർമ്മാണത്തിന് മറ്റു തടസങ്ങളൊന്നും ഇല്ല. എന്നാൽ പാലം പണി എന്ന് പുന:രാരംഭിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും വ്യക്തമായ ഉത്തരമില്ല. പാലത്തിന്റെ കോൺക്രീറ്റിംഗിന് ശേഷം വരുന്ന മറ്റു പണികൾക്ക് കുറച്ചു കൂടി ഫണ്ട് വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അടുത്ത പദ്ധതികൾക്ക് പണം അനുവദിക്കുന്ന കൂടെ പാലത്തിനാവശ്യമായ ശേഷിക്കുന്ന തുക കൂടി അനുവദിക്കും -- സി.കെ. ആശ എം.എൽ.എ