രാമപുരം : രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നു പുൽപ്രമുക്ക് വഴി ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകർ ഇവിടെയെത്തുമ്പോൾ അറിയാതെ ശരണം വിളിച്ചു പോകും. ഒരു ഭാഗത്ത് കൊടുംവളവ്, ഈ വളവിലേക്ക് കുത്ത് കയറ്റം കയറി മുട്ടുന്ന മറ്റൊരു വഴി. രണ്ടു വഴികളും കണ്ടാൽ ഏതാണ് മെയിൽ റോഡെന്ന് തിരിച്ചറിയുക പ്രയാസം. സ്വാഭാവികമായും രണ്ടു വഴിയിലൂടെയും തങ്ങൾ സഞ്ചരിക്കുന്നതാണ് മെയിൻ റോഡ് എന്ന മട്ടിൽ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരും.
ഇവിടെ വാഹനങ്ങൾ കൂട്ടിയിടിക്കാത്ത ദിവസമില്ല. പലതും നേരിയ അപകടങ്ങളായതിനാൽ യാത്രക്കാർ രക്ഷപ്പെടുന്നുവെന്ന് മാത്രം. ഇന്നലെയും ഇവിടെ രണ്ട് കാറുകൾ കൂട്ടിയിടിച്ചു. ഇതിലൊന്ന് കുന്നത്തുനാട്ടിലേക്ക് പോകേണ്ട ശബരിമല തീർത്ഥാടകരുടെ വാഹനം. മറ്റേത് ഒരു വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോയവരുടെ കാർ. അപകടത്തെ തുടർന്ന് ഏറെ നേരം ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ രാമപുരം പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. രണ്ടു ദിവസം മുമ്പ് ഇവിടെ ബൈക്കുകൾ കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.
അപകടങ്ങളും തുടർന്ന് വാഹനയാത്രക്കാർ തമ്മിലുള്ള തർക്കങ്ങളും പൊലീസിനും തലവേദനയായിരിക്കുകയാണ്. രാമപുരം നാലമ്പല വഴിയിലാണീ അപകടമുക്ക് എന്നുള്ളത് പ്രശ്‌നങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലേക്കുള്ള വഴിയും ഇതാണ്. ഗൂഗിൾ മാപ്പ് നോക്കി ശബരിമലയ്ക്ക് തിരിക്കുന്ന തീർത്ഥാടക വാഹനങ്ങൾ രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പുൽപ്രമുക്ക് ചക്കാമ്പുഴ വഴിയാണ് പോകുന്നത്.

അപകടം വരുന്നവഴി

പുൽപ്രമുക്കിലെ കൊടുംവളവിൽ കൊണ്ടാട് ഭാഗത്തു നിന്നു ഇറക്കം ഇറങ്ങി വാഹനങ്ങൾ വേഗതയിൽ വരും. ചക്കാമ്പുഴ ഭാഗത്തു നിന്ന് അമ്പലം ജംഗ്ഷൻ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ കൂടി വേഗതയിൽ എത്തുന്നതോടെ പുൽപ്രമുക്ക് അപകടമുക്കായി മാറുകയാണ്. അപകട സൂചന ബോർഡുകളുമില്ല.

പരിഹാരം ഇങ്ങനെ
അമ്പലം ഭാഗത്തു നിന്നെത്തുന്ന റോഡിലോ, കൊണ്ടാട് ഭാഗത്തു നിന്നെത്തുന്ന റോഡിലോ വീതിയിൽ ഹമ്പ് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറയ്ക്കുക എന്നതാണ് പ്രശ്‌നം പരിഹരിക്കാനുള്ള പ്രാഥമിക നടപടി. ഒപ്പം പുൽപ്രമുക്കിന്റെ മൂന്ന് ഭാഗത്തും അപകട സൂചക ബോർഡുകളും സ്ഥാപിക്കണം.

യാത്രക്കാരെ രക്ഷിക്കാൻ നടപടി വേണം
പുൽപ്രമുക്ക് വളവിലെ അപകടം ഒഴിവാക്കി യാത്രക്കാരെ രക്ഷിക്കാൻ അടിയന്തിര നടപടി വേണം
പി.ആർ.രവി, കണികുന്നേൽ,കൊണ്ടാട്
ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രം ദേവസ്വം സെക്രട്ടറി