കോട്ടയം: ഗാന്ധിനഗറിൽ റിട്ട.എസ്.ഐ വെട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിച്ചു കസ്റ്റഡിയിലെടുത്ത ശേഷം രക്ഷപ്പെട്ടയാൾ പൊലീസിന്റെ പിടിയിലായി. തെള്ളകം മുടിയൂർക്കര കണ്ണാമ്പടം
ഷിജോയെയാണ് (ജോർജ് കുര്യൻ- 45) മണർകാടു നിന്ന് പിടികൂടിയത്. ഷിജോ രക്ഷപ്പെടുന്ന തരത്തിൽ ജോലിയിൽ വീഴ്‌ച വരുത്തിയ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്‌തു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് റിട്ട.എസ്.ഐ പറയകാവിൽ ആർ.ശശിധരനെ (62) വീടിനു സമീപത്തെ റോഡരികിൽ തലയ്‌ക്കു വേട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് ഷിജോയെ കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്‌ച മുതൽ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ തിങ്കഴാഴ്‌ച വൈകിട്ട് ഏഴു മണിയോടെ ഇയാളെ ഭക്ഷണം കഴിക്കാനായി പുറത്തു കൊണ്ടുപോയി. ഇതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു വെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ, ഇയാൾ രക്ഷപ്പെട്ടതായാണ് രഹസ്യാന്വേഷണ വിഭാഗം അടക്കം റിപ്പോർട്ട് ചെയ്തത്.
രാത്രി മുഴുവൻ തെരഞ്ഞിട്ടും ഷിജോയെപ്പറ്റി സൂചന ലഭിച്ചില്ല. ഇന്നലെ രാവിലെ പത്തു മണിയോടെ മെഡിക്കൽ കോളേജിനു സമീപം ആർപ്പൂക്കര തൊമ്മൻകവലയിൽ വച്ച് പൊലീസിന്റെ പട്രോളിംഗ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ മൻജിത്ത് ഷിജോയെ കണ്ട് പിടികൂടാൻ ശ്രമിച്ചു. എന്നാൽ, ഇയാളെ വീഴ്‌ത്തിയ ശേഷം ഷിജോ പൊലീസിന്റെ ബൈക്കുമായി കടന്നു. തുടർന്ന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേയ്‌ക്കും ജാഗ്രതാ നിർദേശം നൽകി. മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷിജോയെ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ഷിജിയുടെ നേതൃത്വത്തിൽ പിടികൂടി. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.