എരുമേലി : സെറാ ബസിന്റെ കഴിഞ്ഞ ദിവസം ഓടിക്കിട്ടിയ വരുമാനം അർബുദബാധിതയായ മുട്ടപ്പള്ളി കുട്ടപ്പായിപ്പടി ചെമ്പ്‌ളാനിക്കൽ സ്റ്റീഫന്റെ മകൾ ആറ് വയസുകാരി അലേഖ്യയുടെ ചികിത്സയ്ക്കായി കൈമാറി. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഷാനവാസ് കരീം പിതാവിന് തുക കൈമാറി. ഒപ്പം സ്വന്തം സംഭാവനയും അദ്ദേഹം നൽകി. അലേഖ്യയുടെ അയൽവാസിയായ ബസുടമ മങ്കൊമ്പിൽ ജസ്റ്റിനും ഡ്രൈവർ മുട്ടപ്പള്ളി സ്വദേശി കുളങ്ങരേത്ത് സുമേഷും ചേർന്നാണ് ബസിന്റെ ഒരു ദിവസത്തെ വരുമാനം ചികിത്സാസഹായമായി നൽകാൻ തീരുമാനിച്ചത്. തുലാപ്പള്ളി എരുമേലി കിസുമം റൂട്ടിൽ ദിവസം പത്ത് ട്രിപ്പുകളാണ് ബസിനുള്ളത്. തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അലേഖ്യ ഇപ്പോൾ തുടർ ചികിത്സക്കായി വീട്ടിൽ വിശ്രമത്തിലാണ്. മകളുടെ ചികത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ് കൂലിപ്പണിക്കാരനുമായ പിതാവ്.