കുമാരനല്ലൂർ: കുമാരനല്ലൂരിലെ അഞ്ചു കടകളിൽ മോഷണം. തയ്യൽ മെഷീനും പണവും മോഷണം പോയി. കുമാരനല്ലൂർ സ്വദേശിയായ ഷീനയുടെ ഉടമസ്ഥയിൽ കാക്കനാട്ട് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഫിദാ ടെയ്‌ലറിംഗിൽ നിന്നു ഒരു തയ്യൽ മെഷീനും തയ്ച്ചു വച്ചിരുന്ന ചുരിദാറുകളും അടക്കം മൂവായിരം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. തയ്യൽക്കടയുടെ വാതിൽ കുത്തിത്തുറന്നാണ് മോഷ്‌ടാവ് അകത്തു കയറിയത്. ജെറിന്റെ കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നു 28000 രൂപ വില വരുന്ന ഐ ഫോൺ, ലാപ് ടോപ്പ്, ബാഗ് എന്നിവയും മോഷ്‌ടിച്ചു. സമീപത്തെ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസ് തുറന്ന് 500 രൂപയും മോഷ്ടിച്ചു. സമീപത്തെ രണ്ടു കടകളിൽ കൂടി മോഷണ ശ്രമം നടന്നു. ഒരു മാസം മുമ്പ് പട്ടാപ്പകൽ നഗരസഭാ കൗൺസിലർ ജയകുമാറിന്റെ വീട്ടിൽ മോഷണം നടന്നിരുന്നു. ഈ കേസിൽ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും മോഷണം നടന്നിരിക്കുന്നത്.
എ.ടി.എം. കാർഡും രേഖകളും തിരിച്ചുവച്ചു
ജെറിന്റെ കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നു ബാഗ് മോഷ്ടിച്ച കള്ളൻ അതിലുണ്ടായിരുന്ന എ.ടി.എം. കാർഡ്, രേഖകൾ തുടങ്ങിയവ തിരിച്ചെടുത്തു മേശപ്പുറത്തു വച്ചശേഷമാണ് പോയത്