lake

കോട്ടയം : വേമ്പനാട്ടുകായലിൽ മത്സ്യമോഷണം വ്യാപകമായതോടെ തൊഴിലാളികൾ പട്ടിണിയിൽ. ഉടക്കുവലകളിൽ കുടുങ്ങുന്ന കരിമീൻ, കൊഞ്ച് തുടങ്ങിയ വിലയേറിയ മീനുകളാണ് പ്രധാനമായും അടിച്ചുമാറ്റുന്നത്. രാത്രിയുടെ മറവിൽ സംഘമായി വള്ളങ്ങളിലെത്തുന്ന മോഷ്ടാക്കളാണ് ഉടക്കുവലയിൽ കുടുങ്ങിക്കിടക്കുന്ന മീനുമായി മുങ്ങുന്നത്. സന്ധ്യയോടെ ഉടക്കുവല കായലിൽ വിരിച്ച ശേഷം മത്സ്യതൊഴിലാളികൾ ഏതെങ്കിലും ബണ്ടിൽ കാവലിരിക്കും. ഇവരുടെ കണ്ണുവെട്ടിച്ചാണ് മോഷ്ടാക്കൾ മീനുമായി സ്ഥലം വിടുന്നത്. മാത്രമല്ല, സർവ്വ സന്നാഹവുമായി എത്തുന്ന എട്ടും പത്തും പേരടങ്ങുന്ന സംഘത്തെ നേരിടുന്നതും ദുഷ്ക്കരമാണ്.

വെളുപ്പിന് രണ്ടു മണിയോടെയാണ് പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ വേഷമണിഞ്ഞ് മോഷ്ടാക്കൾ എത്തുന്നത്. വള്ളത്തിലെത്തുന്ന മോഷ്ടാക്കൾ ഉടക്കുവല പൊക്കി മീനുകളെ കൂട്ടത്തോടെ ചാക്കിലാക്കും. തുടർന്ന് നാലുമണിയോടെ സ്ഥലം വിടും. ദിവസവും പലതവണ ഇത് ആവർത്തിക്കും. അങ്ങനെ ആയിരങ്ങൾ കൈയിൽവരും. രാവിലെ ആറു മണിയോടെ എത്തുന്ന മത്സ്യതൊഴിലാളികളാകട്ടെ കാര്യമായി ഒന്നും വലയിൽ ഉടക്കിയില്ലായെന്ന നിരാശയിൽ കിട്ടിയ മീനുമായി വിധിയെ പഴിച്ച് ചന്തകളിലേക്ക് പോകും. പത്തംഗ സംഘമാണ് മീൻ മോഷണത്തിന്റെ പിന്നിലെന്ന് കഴിഞ്ഞ ദിവസമാണ് മനസിലായത്. ഇതോടെ തൊഴിലാളികൾ പൊലീസിനെ സമീപിച്ചുവെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. രാത്രിയിൽ പൊലീസ് ബോട്ടിൽ പട്രോളിംഗ് നടത്തിയാൽ മത്സ്യതൊഴിലാളികൾക്ക് രക്ഷയാവും. എന്നാൽ എന്തുകൊണ്ടോ പൊലീസ് ഇതിന് മുതിരുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ശക്തമായ കാറ്റും കനത്ത മഴയുമുള്ള രാത്രികളിൽ തൊഴിലാളികൾ വള്ളത്തിൽ വലകൾക്ക് കാവലിരിക്കുന്നത് അപകടകരമാണ്. ഇത്തരത്തിൽ അപകടമുണ്ടായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാലാണ് മിക്കപ്പോഴും ബണ്ടുകളിലും മറ്റും ഇവർ കാവലിരിക്കുന്നത്. മീൻ മോഷ്ടിക്കുന്നതിനിടെ വലകൾക്ക് കേടുപാടുകൾ വരുത്തുന്നതും പതിവാണ്. ഇതുകാരണം തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണുണ്ടാകുന്നത്. കൂടാതെ കുടുക്കിൽ നിന്ന് മീൻ എടുക്കാൻ കഴിയാതെ വരുമ്പോൾ ഉടക്കുവലകളുമായി സ്ഥലം വിടുന്നതും പതിവാണ്. 25,000 രൂപയോളം വില വരും ഒരു ഉടക്കുവലയ്ക്ക്. തണ്ണീർമുക്കം, കായിപ്പുറം, മുഹമ്മ, പൊന്നാട്, മണ്ണഞ്ചേരി, ആര്യാട് ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിലുള്ളവരാണ് വേമ്പനാട്ട് കായലിൽ ഉടക്കുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ജീവിക്കുന്നത്.