കോട്ടയം: റിട്ട.എസ്.ഐ ആർ.ശശിധരന്റെ (62) കൊലപാതകവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ 'കള്ളനും പൊലീസും കളി' തുടരുന്നു. സംഭവത്തിലെ പ്രതിയെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ഷിജോ (45) പൊലീസുകാർ നോക്കിനിൽക്കെ രക്ഷപ്പെട്ടതിനെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തു. ഓർഡർ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ ഷിജോയെ മണർകാട് പൊലീസ് പിടികൂടുകയും ചെയ്തു. എല്ലാ ദിവസവും രാവിലെ ഷിജോ സ്റ്റേഷനിലെത്തുമെന്നും തത്ക്കാലം വിട്ടയയ്ക്കാനുമുള്ള ചില മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിച്ചതാണ് സി.ഐ അനൂപ് ജോസിന് വിനയായതെന്ന് അറിയുന്നു. എന്നാൽ ഷിജോ രക്ഷപ്പെട്ടതോടെ മുതിർന്ന ഉദ്യോഗസ്ഥൻ കൈമലർത്തുകയും ചെയ്തു. അതേസമയം കൊലപാതക കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതാണ് സി.ഐയെ സസ്പെൻഡ് ചെയ്യാനുള്ള കാരണമെന്നാണ് ഉത്തരവിൽ പറയുന്നതത്രേ.
പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷിജോ ഓടി രക്ഷപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ കസ്റ്റഡി സമയം കഴിഞ്ഞതിനാൽ വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഷിജോ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഏതായാലും സസ്പെൻഷൻ ഓർഡർ വന്നതോടെ ഇന്നലെ രാവിലെ മണർകാട് നാലുമണിക്കാറ്റിനു സമീപം ഷിജോ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി മണർകാട് സി.ഐ ഷിജി പിടികൂടുകയായിരുന്നു. ഇന്നലെ ഇന്നലെ രാവിലെ തൊണ്ണംകുഴിഭാഗത്ത് ഇയാളെ പട്രോളിംഗ് സംഘം പിടികൂടാൻ ശ്രമിച്ചു. എന്നാൽ ബൈക്കിലെത്തിയ പൊലീസുകാരെ കണ്ട് ഷിജോ തോട്ടിൽ ചാടി രക്ഷപെടാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് വട്ടം പിടിച്ചെങ്കിലും മഞ്ജിത് എന്ന പൊലീസുകാരനെ ഇടിച്ചിട്ട ശേഷം പൊലീസിന്റെ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അറിയിപ്പ് നല്കിയതിനെ തുടർന്നാണ് മണർകാട്ട് ഇയാൾ പിടിയിലായത്.