കോട്ടയം: ലൂർദ്ദ് ഫൊറോനാ പള്ളിയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന തിരുനാളിന് ഇന്ന് കൊടിയേറും. പുതിയതായി നിർമ്മിച്ച കൊടിമരം ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ വൈകുന്നേരം 4.30ന് വെഞ്ചരിക്കും. തുടർന്ന് വികാരി ഫാ.ജോസഫ് മണക്കളം കൊടിയേറ്റും. മുൻ വികാരിമാരായ ഡോ.മാണി പുതിയിടം, ഫാ.ജോസഫ് മഠത്തിൽ, ഫാ.മാത്യു മറ്റം എന്നിവർ ചേർന്ന് ദിവ്യബലി അർപ്പിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. നാളെ വൈകുന്നേരം 4.30ന് ദേവാലയത്തിനു മുമ്പിൽ സ്ഥാപിച്ചിട്ടുള്ള കൽകുരിശ് പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വെഞ്ചരിക്കും. ദിവ്യബലിക്കു ശേഷം സെമിത്തേരി സന്ദർശനവും ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം 4.30ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഗ്രോട്ടോ വെഞ്ചരിക്കും. ലൂർദ്ദ് പള്ളിയിൽ സേവനം അനുഷ്ഠിച്ച മുൻസഹവികാരിമാർ ചേർന്ന് ദിവ്യബലി അർപ്പിക്കും. തുടർന്ന് ചരിത്ര പ്രസിദ്ധമായ പട്ടണപ്രദക്ഷിണം ആരംഭിക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ എട്ടിന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. 101 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം കുർബ്ബാന മദ്ധ്യേ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പള്ളിയുടെ ശതാബ്ദി വർഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണം.