ചങ്ങനാശ്ശേരി: ദുർഗന്ധം സഹിക്കാവുന്നതിലും അപ്പുറം, അതിനിടയിൽ മാലിന്യം കത്തിക്കുക കൂടി ചെയ്താൽ. യാത്രക്കാർ ഇവിടെ നിസഹായരാണ്. നടപടി സ്വീകരിക്കേണ്ടവർക്ക് അനങ്ങാപ്പാറനയവും. ഒന്നാം നമ്പർ വാഴൂർ സ്റ്റാൻഡിൽ പകൽ സമയത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്. ദിവസവും നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റാൻഡിലാണ് മാലിന്യം കത്തിക്കുന്നത്. സ്റ്റാൻഡിനോട് ചേർന്നുള്ള കംഫർട്ട് സ്റ്റേഷനടുത്താണ് പ്‌ളാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കത്തിയ്ക്കുന്നത്. പച്ചക്കറി മാലിന്യങ്ങളും സമീപത്ത് കൂട്ടിയിട്ടിട്ടുണ്ട്. പകൽസമയം സ്റ്റാന്റിലാകെ പുക പടരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് വൃദ്ധർ ഉൾപ്പെടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. കിഴക്കൻ മേഖലയിലേക്ക് ഉൾപ്പെടെ നിരവധി ബസുകളും സ്റ്റാന്റിൽ പാർക്ക് ചെയ്യുന്നുണ്ട്. കൂടാതെ നിരവധി വ്യാപാര സ്ഥാപനങ്ങളുമുണഅട്. നഗരസഭ വാഹനം എത്തുന്നുണ്ടെങ്കിലും മാലിന്യം പൂർണ്ണമായി നീക്കം ചെയ്യുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. കുന്നുകൂടി കിടക്കുന്ന മാലിന്യത്തിനാണ് തീയിടുന്നത്. പെരുന്ന നമ്പർ ടു ബസ് സ്റ്റാന്റിൽ എയറോബിക് ബിൻ സ്ഥാപിച്ചു മാലിന്യ സംസ്‌കരണത്തിനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ വർഷങ്ങളായി വാഴൂർ ബസ് സ്റ്റാന്റ് മാലിന്യം തള്ളൽ കേന്ദ്രമായി തുടരുകയാണ്. മഴ പെയ്യമ്പോൾ മലിനജലം സ്റ്റാന്റിലാകെ പരന്നൊഴുകുന്ന സ്ഥിതിയുമുണ്ട്. സ്‌കൂൾ തുറന്നതോടെ വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്ക് ഇത് കൂടുതൽ ദുരിതമാകും.