തലയോലപ്പറമ്പ്: ഇറുമ്പയം പാടശേഖരത്തിൽ വിഷരഹിത നെൽ കൃഷിക്ക് തുടക്കമായി. ഇറുമ്പയം പാടശേഖരസമിതി, ഇറുമ്പയം ടാഗോർ ലൈബ്രറി ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വെള്ളൂർ പഞ്ചായത്തിലെ ഇറുമ്പയം പാടശേഖരത്തിൽ വിഷരഹിത നെൽകൃഷിക്ക് തുടക്കം കുറിച്ചത്. ഈ പാടശേഖരത്തിൽ മൂന്ന് പതിറ്റാണ്ട് കാലമായി തരിശ്ശ് കിടക്കുന്നതുൾപ്പെടെയുള്ള സ്ഥലത്താണ് ജനകീയകൂട്ടായ്മയിൽ ഞാറു നട്ടിരിക്കുന്നത്.കടുത്തുരുത്തി അഗ്രോ സർവീസ് സെന്ററിലെ വനിതാ പ്രവർത്തകരാണ് ട്രേയിൽ വിത്തുപാകിയത്. ഞാറ് നടീൽ ഉദ്ഘാടനം വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ മോഹനൻ നിർവഹിച്ചു.പാടശേഖര സമിതി പ്രസിഡന്റ് എം. ഇ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇറുമ്പയം സി എം എസ് എൽ പി സ്‌കൂൾ, കാരിക്കോട് ജി എം എച്ച് എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ഞാറ് നടീൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സരോജിനി തങ്കപ്പൻ, കെ .എ തോമസ്, വാർഡ് മെമ്പർമാരായ വി. സി ജോഷി, ജയ അനിൽ, വെള്ളൂർ കൃഷി ഭവൻ ഉദ്യോഗസ്ഥർ, യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ ബിനു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ടാഗോർ ലൈബ്രറി പ്രസിഡന്റ് ജി. രാധാകൃഷ്ണൻ സ്വാഗതവും, പാടശേഖര സമിതി സെക്രട്ടറി കെ. കെ ശശിധരൻ നന്ദിയും പറഞ്ഞു.