padam

തലയോലപ്പറമ്പ് : അടിസ്ഥാന സൗകര്യങ്ങളില്ലാത്തതുമൂലം തരിശുനിലം ഉൾപ്പെടെ നൂറേക്കറോളം പാടത്ത് കൃഷിയിറക്കാൻ കഴിയാതെ കർഷകർ ദുരിതത്തിൽ. മുളക്കുളം ഗ്രാമപ്പഞ്ചായത്തിലെ സൗത്ത് പാടശേഖരത്തിലാണ് വെള്ളം വറ്റാൻ താമസിക്കുന്നതുമൂലം കൃഷിയിറക്കാൻ കഴിയാതെ കർഷകർ വിഷമിക്കുന്നത്. അൻപതിലധികം കർഷകരാണ് ഈ പാടത്ത് കൃഷിയിറക്കുന്നത്. 25 ഏക്കറോളം തരിശുപാടം കൃഷി ചെയ്യാൻ കഴിയാതെ കർഷകർ ഉപേക്ഷിച്ചിരിക്കുകയാണ്. ഡിസംബർ പകുതിയോടെയെങ്കിലും കൃഷിയിറക്കിയെങ്കിൽ മാത്രമേ സമയത്ത് നെല്ല് കൊയ്‌തെടുക്കുവാൻ കഴിയുകയുള്ളുവെന്ന് കർഷകർ പറയുന്നു. ഇല്ലെങ്കിൽ കൊയ്ത്തിന് സമയമാകുമ്പോൾ കുടിവെള്ളത്തിനായി എം.വി.ഐ.പി. കനാൽ തുറന്നു വിടുകയും ഇതോടെ പാടശേഖരത്ത് വെള്ളം കയറുകയും ചെയ്യും. പാടത്ത് വെള്ളം കയറുന്നത് മൂലം നെല്ല് കൊയ്‌തെടുക്കാൻ കഴിയാത്തതാണ് കൃഷി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. തോട് പുഴയുമായി ചേരുന്ന ഭാഗം ഉയർന്ന് നിൽക്കുന്നതാണ് കെട്ടിക്കിടക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകാത്തതിന് പ്രധാന കാരണം. തോട് പുഴയുമായി ചേരുന്ന ഭാഗം മുതൽ മുകളിലേക്ക് വലിയതോടും, പാടത്തെ ചെറിയതോടുകളും ആഴവും, വീതിയും കൂട്ടിയെങ്കിൽ മാത്രമേ കൃഷി ഇറക്കുന്ന സമയം ആകുമ്പോൾ വെള്ളം വറ്റുകയുള്ളു. തോടുകൾ ആഴം കൂട്ടുന്നതിനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെങ്കിലും പണികൾ ഇനിയും ആരംഭിച്ചിട്ടില്ല. സമയബന്ധിതമായി പദ്ധതിയുടെ ഭാഗമായുള്ള പണികൾ പൂർത്തിയായെങ്കിൽ മാത്രമേ ഈ വർഷം സമയത്തിന് കൃഷിയിറക്കാൻ കഴിയുകയുള്ളുവെന്നാണ് കർഷകർ പറയുന്നത്.