prathi

കോട്ടയം : ഗാന്ധിനഗറിൽ റിട്ട.എസ്.ഐയെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി പിന്നീട് പിടിയിലായ ആൾ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏറെ വിവാദങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യന്റെ (ഷിജോ - 45) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊലയ്ക്കുപയോഗിച്ച ഇരുമ്പ് ദണ്ഡും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്‌ച വീടിനു സമീപം റോഡരികിലാണ് റിട്ട.എസ്.ഐ പറയകാവിൽ ആർ.ശശിധരനെ (62) മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്‌ച തന്നെ കസ്റ്റഡിയിലെടുത്ത പ്രതി തിങ്കളാഴ്‌ചയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിൽ സി.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. മണർകാട് ഭാഗത്തു വച്ച് പിടികൂടിയ പ്രതിയെ ഏറ്റുമാനൂരിലെ പ്രത്യേക ചോദ്യം ചെയ്യൽ മുറിയിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്.

സംഭവം ഇങ്ങനെ:

കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെയാണ് ശശിധരൻ വീട്ടിൽ നിന്നു നടക്കാനിറങ്ങിയത്. ശശിധരനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ഇരുമ്പ് കമ്പിയുടെ അറ്റം അടിച്ചുപരത്തി മൂർച്ച വരുത്തിയിരുന്നു. തന്റെ വീടിനു മുന്നിലൂടെ ശശിധരൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ട ജോർജ് കമ്പിയുമായി പിന്നാലെയെത്തി തലയ്‌ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. വീണു കിടന്ന ശശിധരനെ വീണ്ടും അടിച്ച് മരണം ഉറപ്പാക്കിയ ശേഷം തിരികെ വീട്ടിൽ പോയി. വേഷം മാറിയ ശേഷം ഇരുമ്പ് കമ്പി ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് മൂന്നായി മുറിച്ചു. ശശിധരന്റെ മരണ വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയപ്പോൾ ജോർജും ഇവിടെ എത്തി. മറ്റേതോ കേസിന്റെ കാര്യത്തിനു അഭിഭാഷകൻ വിളിച്ചതായി അറിയിച്ച് വീട്ടിൽ നിന്നു മുങ്ങി. കൊല്ലാനുപയോഗിച്ച കമ്പി വടിയുമായി സ്‌കൂട്ടറിൽ പാറമ്പുഴ കുഴിയലിപ്പടി ഭാഗത്ത് എത്തി. ഇവിടെ റോഡിൽ നിന്നു അര കിലോമീറ്റർ ഉള്ളിലായി തോട്ടിൽ കമ്പി ഒളിപ്പിച്ചു. ഇതിനു ശേഷം തിരികെ വീട്ടിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തോട്ടിൽ നടത്തിയ തെരച്ചിലിൽ മൂന്നായി മുറിച്ച കമ്പിയുടെ രണ്ടുകഷണങ്ങളാണ് കണ്ടെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.