വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ സമീപത്തുകൂടിയുള്ള വഴികളിലൂടെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ഐതിഹാസികമായ വൈക്കം സത്യഗ്രഹസമരത്തിന്റെ സ്മരണകളുയർത്തി വൈക്കത്ത് മ്യൂസിയം യാഥാർത്ഥ്യമാകുന്നു. 1925 മാർച്ച് 30നാരംഭിച്ച സത്യഗ്രഹസമരം 603 ദിവസമാണ് നീണ്ടുനിന്നത്. സമരത്തിന്റെ നാൾവഴികൾ പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസംസ്ഥാന സർക്കാരുകൾ അനുവദിച്ച ഫണ്ട് ചെലവഴിച്ചാണ് വൈക്കം സത്യഗ്രഹ സ്മാരകത്തിന്റെ താഴത്തെ നിലയിൽ മ്യൂസിയം ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഡിസംബറിൽ നാടിനു സമർപ്പിക്കും. ഉദ്ഘാടന സമ്മേളനം ആഘോഷമാക്കാൻ സ്വാഗതസംഘ രൂപീകരണയോഗം തീരുമാനിച്ചു. സത്യഗ്രഹ സ്മാരകഹാളിൽ ചേർന്ന യോഗം സി.കെ ആശ എം എൽ.എ ഉദ്ഘാടനം ചെയ്തു. കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻപിള്ള പദ്ധതി വിശദീകരിച്ചു. നഗരസഭാ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷനായി. വൈസ് ചെയപേഴ്‌സൺ എസ്.ഇന്ദിരാദേവി, എൻ.അനിൽബിശ്വാസ്, എം.സുജിൻ, അഡ്വ. എ.രമണൻ കടമ്പറ, പി.ജി ഗോപി, വി.ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. പുരാരേഖ വകുപ്പ് ഡയറക്ടർ ജെ.റെജികുമാർ സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു കണ്ണേഴത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.കെ ആശ എം.എൽ.എ (ചെയർമാൻ), എസ്.ഇന്ദിരാദേവി, എം.സുജിൻ, കെ.ആർ രാജേഷ് (വൈ: ചെയർമാൻമാർ), പി.ശശിധരൻ (ജനറൽ കൺവീനർ), അഡ്വ. കെ.പ്രസന്നൻ, പി.ജി ഗോപി, എം.ടി അനിൽകുമാർ, ജെ.റെജികുമാർ (ജോ: കൺവീനർമാർ).