പാലാ: ജനറൽ ആശുപത്രിയിലെ മാലിന്യങ്ങൾ ഉടനടി നീക്കാനും, ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാനുമുള്ള പദ്ധതിക്ക് ആശുപത്രി വികസന സമിതിയുടെ അംഗീകാരം ലഭിച്ചതോടെ ഇത് എത്രയും വേഗം നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ജനറൽ ആശുപത്രി അധികാരികൾ.
ജനറൽ ആശുപത്രിയിൽ മാലിന്യം കത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ 'കേരളകൗമുദി" കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് വാർത്ത ചൂണ്ടിക്കാട്ടി മാണി സി. കാപ്പൻ എം.എൽ.എ ഇക്കാര്യത്തിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കടലാസ് മാലിന്യങ്ങളടക്കം ആശുപത്രി വളപ്പിൽ കത്തിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അതു നിറുത്തുകയും പകരം കുഴിയെടുത്ത് കടലാസ് മാലിന്യങ്ങൾ അതിലിട്ടു മൂടാൻ തുടങ്ങുകയും ചെയ്തിരുന്നു. ഭാവിയിൽ കടലാസ് മാലിന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ നീക്കാനും ധാരണയായി. മാലിന്യങ്ങൾ തരം തിരിക്കാൻ കുടുംബശ്രീയുടെ സേവനവും തേടും.
ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു. സി. മാത്യു, ആർ.എം.ഒ. ഡോ.അനീഷ്.കെ. ഭദ്രൻ എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് വികസന സമിതി യോഗം പിന്തുണ പ്രഖ്യാപിച്ചു. നഗരസഭാ ആക്ടിംഗ് ചെയർമാൻ കുര്യാക്കോസ് പടവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി. സി. കാപ്പൻ എം.എൽ.എ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ആശുപത്രിയിലെ വിവിധ ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുത്തു. ആശുപത്രിക്ക് കെ.എം.മാണിയുടെ പേരിടാനുള്ള പാലാ നഗരസഭയുടെ തീരുമാനം വെട്ടി, മുൻ ഗവർണർ പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടാനുള്ള നിർദ്ദേശം സർക്കാരിലേക്ക് അയക്കാനും തീരുമാനമായി.
ജനറൽ ആശുപത്രി ഇനി പൂർണ്ണമായും ' പ്ലാസ്റ്റിക്ക് നിരോധിത' മേഖല
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഇനി ആശുപത്രിയ്ക്കുള്ളിലേക്ക് കടത്തിവിടില്ല. നിരീക്ഷണത്തിന് വനിതാ സെക്യൂരിറ്റിയെ ഉൾപ്പെടെ നിയമിച്ചു. ഡിസംബർ 1 മുതൽ ഇത് കർശനമായി നടപ്പാക്കും. അനധികൃതമായി പ്ലാസ്റ്റിക്ക് ആശുപത്രിക്കുള്ളിൽ കൊണ്ടു വരുന്നവരിൽ നിന്നു 50 രൂപാ പിഴ ഈടാക്കും. പ്ലാസ്റ്റിക്ക് കൂടുകളിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണസാധനങ്ങൾ ആശുപത്രിയിലേക്ക് കൊടുത്തു വിടരുതെന്ന് ആശുപത്രി പരിസരത്തെ വ്യാപാരികൾക്കും നിർദ്ദേശം നൽകി.
സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തും
രോഗികളെ കാണാനെത്തുന്ന സന്ദർശകർക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വികസന സമിതി യോഗത്തിന്റെ തീരുമാനം. സന്ദർശകരുടെ ബാഹുല്യം മൂലം രോഗികൾക്ക് അണുബാധ ഉൾപ്പെടെയുള്ളവ ഉണ്ടായ സാഹചര്യത്തിലാണ് ഇത്. രാവിലെ 8.30 മുതൽ 12.30 വരെ സന്ദർശകരെ അനുവദിക്കില്ല. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ 25 രൂപാ സ്‌പെഷ്യൽ പാസെടുത്ത് രോഗികളെ സന്ദർശിക്കാം. വൈകിട്ട് 4 മുതൽ 8 വരെ സന്ദർശനം സൗജന്യമാണ്. മറ്റു സമയങ്ങളിൽ അഞ്ച് രൂപയുടെ പാസെടുക്കണം.
യോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ
ആശുപത്രി ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ( ബയോ മെഡിക്കൽ വേസ്റ്റ് ) നിത്യവും നീക്കും
ഐ.എം.എ ഏർപ്പെടുത്തിയ വാഹനം നിത്യവും ജനറൽ ആശുപത്രിയിലെത്തി മാലിന്യം ശേഖരിക്കും
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പാലാ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കും