തലയോലപ്പറമ്പ്: പ്രളയാനാന്തരം മൂവാറ്റുപുഴയാറിന്റെ വിവിധ ഇടങ്ങളിൽ ആറ്റുതീരംപുഴയിലേക്ക് ഇടിഞ്ഞ് വൻ നാശനഷ്ടമാണ് പ്രദേശവാസികൾക്ക് ഉണ്ടായിരിക്കുന്നത്. വെള്ളൂർ തലയോലപ്പറമ്പ്, മറവൻതുരുത്ത്, ചെമ്പ്, ഉദയനാപുരം തുടങ്ങിയ വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളും പുരയിടങ്ങളും കാർഷിക വിളകളും തീരമിടിച്ചിലിനെ തുടർന്ന് പുഴ കവർന്നിരുന്നു. പ്രദേശത്തെ നിരവധി വീടുകൾ ഏത് നിമിഷവും പുഴയിലേക്ക് ഇടിഞ്ഞ് വീഴാവുന്ന സ്ഥിതിയിലാണ് ഇപ്പോഴും. പുഴത്തീരം സംരക്ഷിച്ചു നിർത്തിയിരുന്ന പുലിമുട്ടുകളിൽ ചിലത് തകരുകയും ചില പുലിമുട്ടുകൾ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിരിക്കുന്ന സ്ഥിതിയുമാണ് നിലവിലുള്ളത്. പുലിമുട്ടുകൾ വീണ്ടെടുത്ത് നവീകരിക്കുകയും അപകടാവസ്ഥയിലായ തീരപ്രദേശം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുവാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായിരിക്കുകയാണ്. അപകടാവസ്ഥയിലായ ആറ്റുതീരം സംരക്ഷിക്കുന്നതിനും മത്സ്യതൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾക്കും സർക്കാർ അടിയന്തിര പരിഹാരം കാണണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ എ. ഐ. ടി. യു. സി. വെള്ളൂർ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. സി. പി. ഐ. വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ഐ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി വിശ്വനാഥൻ, ഡി. ബാബു, കെ.കെ മോഹനൻ, എം.വി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.