കോട്ടയം : ഗാന്ധിനഗറിലെ 'ജോർജുകുട്ടിയുടെ' തന്ത്രത്തിനു മുന്നിൽ പൊലീസ് വെള്ളം കുടിച്ചത് നാലുദിവസം. പൊലീസിന്റെ തന്ത്രവല പൊട്ടിച്ച് രണ്ടുതവണ രക്ഷപ്പെട്ട പ്രതി, മൂന്നു ദിവസമാണ് ദൃശ്യം മോഡലിൽ അന്വേഷണ സംഘത്തെ കുഴക്കിയത്. ഞായറാഴ്‌ച ഉച്ചയോടെ കസ്റ്റഡിയിൽ എടുത്ത പ്രതിയിൽ നിന്ന് എന്തെങ്കിലും തുമ്പ് കണ്ടെത്താനായത് ചൊവ്വാഴ്‌ച ഉച്ചയോടെയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷവും പൊലീസിനെ വഴി തെറ്റിക്കാൻ ഷിജോ ശ്രമിച്ചു. ഇതിന് സഹായിച്ചത് ക്രിമിനൽ അഭിഭാഷകന്റെ വീട്ടിൽ നിന്നു വായിച്ചു പഠിച്ച ക്രിമിനൽക്കേസുകളുടെ ബാലപാഠങ്ങളാണ്.മുടിയൂർക്കരയിലെ ഒരു അഭിഭാഷകന്റെ വീട്ടിലെ സഹായിയായിരുന്നു ജോർജ്. 24 മണിക്കൂർ കസ്റ്റഡി പൂർത്തിയാക്കിയ ശേഷം ജോർജിനെ പുറത്തിറക്കാൻ ഇടപെടൽ നടത്തിയതും ഇതേ അഭിഭാഷകനായിരുന്നു.
ഈ ചോദ്യങ്ങൾക്കും ഉത്തരം വേണം
1.ഞായറാഴ്‌ച പ്രതിയെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ വീടും പരിസരവും പൊലീസ് അരിച്ചു പെറുക്കിയിരുന്നു. എന്നാൽ, അന്ന് ഇയാൾ ധരിച്ചിരുന്ന വസ്‌ത്രം പൊലീസ് പിടിച്ചെടുത്തില്ല. ഇന്നലെ വീട്ടിൽ നിന്നു ഈ വസ്‌ത്രം കണ്ടെത്തിയെങ്കിലും ഇതിൽ രക്‌തത്തിന്റെ അംശമില്ലായിരുന്നു. വസ്‌ത്രം ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
2.കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് പ്രതി ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ മുറിച്ച പാടുകൾ ഒന്നും കമ്പിയിൽ കാണാനില്ല. കൂടാതെ കമ്പിയുടെ രണ്ടുകഷണങ്ങൾ തമ്മിൽ കൂടിച്ചേരുന്നില്ല. കണ്ടെടുത്ത കമ്പിയിൽ ഒന്ന് തുരുമ്പിച്ചതും മറ്റേത് ഭാഗികമായി തുരുമ്പിച്ചതുമാണ്. മൂന്നു ദിവസം കൊണ്ട് ഇത്രയേറെ തുരുമ്പിക്കുമോ?
3.സംഭവദിവസം രാവിലെ അഭിഭാഷകൻ ഷിജോയെ വിളിച്ചത് എന്തിനാണെന്ന് പൊലീസിന് വ്യക്തമായ ഉത്തരമില്ല.
നേരത്തെ മുടിയൂർക്കരയിൽ വാഹനം കത്തിച്ചതും, രണ്ടുപേരെ തലയ്‌ക്കടിച്ചതും ഷിജോ ആണെന്ന് ആരോപണമുണ്ടെങ്കിലും ഇതുവരെ തെളിയിക്കാനായിട്ടില്ല.