പൊൻകുന്നം : റോഡ് തകർന്ന് തരിപ്പണമാകുന്നത് എങ്ങനെയെന്ന് കണ്ടിട്ടില്ലാത്തവർ ചേനപ്പാടിയിലെത്തിയാൽ അത്തരം ഒരു റോഡ് നേരിട്ടുകാണാം. പഴയിടം പൂതക്കുഴി അമ്പലം റോഡിൽ ടാറിംഗിന്റെ ഒരു തരിപോലുമില്ല കണ്ടുപിടിക്കാൻ. മുഴുവൻ കുണ്ടും കുഴികളും. മഴവെള്ളപ്പാച്ചിലിൽ ഉണ്ടായ കിടങ്ങുകൾ വേറെയും. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥ. സ്വന്തമായി വാഹനമുള്ളവരും ഇല്ലാത്തവരുമായ നിരവധി കുടുംബങ്ങൾക്ക് സമീപ പട്ടണങ്ങളായ പൊൻകുന്നം,കാഞ്ഞിരപ്പള്ളി എരുമേലി എന്നിവിടങ്ങളിലെത്താൻ ഏക ആശ്രയമാണ് ഈ റോഡ്. പഞ്ചായത്ത് ഫണ്ടും പ്രളയദുരിതാശ്വാസഫണ്ടും ഉപയോഗിച്ച് പലതവണ റോഡ് നന്നാക്കിയെങ്കിലും അതിവേഗം തകരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പഞ്ചായത്തിന്റെ അവഗണനയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പാക്കാനൊരുങ്ങുകയാണ് ഇവർ.


പ്രചാരണം അടിസ്ഥാനരഹിതം
റോഡിനോട് പഞ്ചായത്തിന്റെ അവഗണന എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പി.സി.ജോർജ് എം.എൽ.എ റോഡ് നിർമ്മാണത്തിനായി 10 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ല. എം.എൽ.എ ഫണ്ട് കിട്ടുമെന്നതിനാൽ എരുമേലി പഞ്ചായത്ത് പിന്നീട് ഈ റോഡിന് ഫണ്ട് വക കൊള്ളിച്ചില്ല. ഫണ്ട് വിനിയോഗത്തിന് എം.എൽ.എ.യുമായി ബന്ധപ്പെട്ടവർ യഥാസമയം നടപടി കൈക്കൊള്ളാത്തതാണ് പ്രശ്‌നം.
അനിത സന്തോഷ്, വാർഡംഗം