പാലാ: കാർഷികമേഖലയിലെ പ്രതിസന്ധി സമഗ്രമായി പഠിക്കാൻ വിദഗ്ദ്ധ സമിതി ഉണ്ടാകണമെന്ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ നടക്കുന്ന ആറാമത് സംസ്ഥാന കാർഷികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരായ മാണി സി. കാപ്പൻ, പി.സി. ജോർജ്, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജോർജ് വെട്ടിക്കാട്ടിൽ, നബാർഡ് കോട്ടയം മാനേജർ കെ.ബി. ദിവ്യ, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് കെ.ജെ. ഫിലിപ്പ് കുഴികുളം, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ്, ഫാ. മാത്യു ചന്ദ്രൻകുന്നേൽ എന്നിവർ പ്രസംഗിച്ചു. പി.എസ്.ഡബ്ല്യു.എസ് ഡയറക്ടർ ഫാ.മാത്യു പുല്ലുകാലായിൽ സ്വാഗതവും സെക്രട്ടറി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം നന്ദിയും പറഞ്ഞു.
കാർഷിക വിളകൾ, അപൂർവ്വയിനം സസ്യങ്ങൾ, പൂച്ചെടികൾ....
പാലാ: കാർഷിക വിളകൾ, അപൂർവയിനം ഔഷധസസ്യങ്ങൾ എന്നിവയാൽ സമ്പന്നമായ സ്റ്റാളുകൾ, നൂതന പച്ചക്കറികൃഷിരീതികൾ, കരകൗശലവസ്തുക്കൾ, വൈവിധ്യമാർന്ന പുഷ്പങ്ങൾ എന്നിവകൊണ്ട് അലങ്കരിച്ച സ്റ്റാളുകൾ എന്നിവ പാലായിൽ നടക്കുന്ന കാർഷിക മേളയിൽ ദൃശ്യവിരുന്നൊരുക്കുന്നു. മൂല്യവർദ്ധിത ഉത്പന്നങ്ങളും വാണിജ്യസ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയ്ക്ക് കൊഴുപ്പേകുന്നു. വിവിധ കാർഷിക വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പത്തിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ പവലിയൻ സമർപ്പണം നിർവഹിച്ചു. തുടർന്ന് നടന്ന സെമിനാറിന് പി.എസ്.ഡബ്ല്യു.എസ് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. വക്കച്ചൻ മറ്റത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഷാലാ ഹർഷൻ ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് ഓലമെടച്ചിൽ, തൊപ്പിപ്പാളകുത്ത്, ചൂലുകുത്ത് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. മണ്ണയ്ക്കനാട് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് ഡിസ്‌പ്ലെയും ഉണ്ടായിരുന്നു.
കാർഷികമേളയിൽ ഇന്ന്
രാവിലെ പത്തിന് സെമിനാർ നടക്കും. കപ്പയിൽനിന്നുള്ള മൂല്യവർദ്ധിത ഉത്പന്നം എന്ന വിഷയത്തിൽ ഡോ. എം.എസ്. സജീവ് (പിൻസിപ്പൽ സയന്റിസ്റ്റ് സി.ടി.സി.ആർ ഐ, തിരുവനന്തപുരം) ക്ലാസ് നയിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് പുഷ്അപ്പ് മത്സരം, സൈക്കിൾ സ്ലോറൈസ്, കഷണ്ടി മത്സരം, 4.30ന് മാർഗംകളി മത്സരം, തുടർന്ന്
നാടൻപാട്ട് മത്സരം. ആറിന് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവ വിജയികളായ മണ്ണയ്ക്കനാട് ഒ.എൽ.സി സ്‌കൂളിലെ വിദ്യാർത്ഥി പ്രതിഭകൾ അവതരിപ്പിക്കുന്ന കലാസന്ധ്യ ഉണ്ടായിരിക്കും. പി.എസ്.ഡബ്ല്യു.എസ് പി.ആർ.ഒ ഡാന്റീസ് കൂനാനിക്കൽ, ജോയി മടിയ്ക്കാങ്കൽ, സിബി കണിയാംപടി, പി.വി.ജോർജ്, സിസ്റ്റർ ആനി പൊരിയത്ത്, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേൽ, സാജു വടക്കേൽ, ആൽബിൻ ജോസഫ്, ജയ്‌മോൻ പുത്തൻപുരയ്ക്കൽ, ടിൻസ് ജോയി, എലിസബത്ത് സിബി, റോസ്മി ടോം തുടങ്ങിയവർ നേതൃത്വം നൽകും.