പാലാ: ജനറൽ ആശുപത്രിയ്ക്ക് കെ.എം.മാണിയുടെ പേര് നൽകാനുള്ള പാലാ മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനം അട്ടിമറിക്കാനുള്ള ശ്രമങ്ങൾ കെ.എം.മാണിയോടുളള അനാദരവ് ആണെന്ന് കേരളാകോൺഗ്രസ് എം നേതൃയോഗം പ്രസ്താവിച്ചു. കെ.എം. മാണിയുടെപേര് ജനറൽ ആശുപത്രിയ്ക്ക് നൽകാനുള്ള തീരുമാനം പ്രതിപക്ഷം കൂടി അംഗീകരിച്ചതാണ്. കെ.എം.മാണി ധനകാര്യമന്ത്രിയായിരിക്കെ 42കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ജനറൽ ആശുപത്രിയിൽ നടപ്പാക്കിയത്. ഒ.പി, അഡ്മിനിട്രേറ്റീവ് ബ്ലോക്ക്, നെഫ്‌റോളജി, കാർഡിയാക് യൂണിറ്റ് കാത്ത് ലാബ്, ട്രോമാകെയർ എന്നിവയുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ഇടതു സർക്കാരിന്റെ അനാസ്ഥ കാരണം പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞില്ലെന്നുംകേരളാകോൺഗ്രസ് എം നേതൃയോഗം പ്രസ്താവിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ആശുപത്രിയുടെ മേൽനോട്ടം മുനിസിപ്പാലിറ്റിയ്ക്ക് ആയിരിക്കെ മുനിസിപ്പാലിറ്റിയുടെ തീരുമാനം മറികടന്നുള്ള ആശുപത്രിയുടെ ദൈനംദിന കാര്യങ്ങളിൽ സഹായിക്കാൻ ചുമതലപ്പെട്ട ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് യോഗം പ്രസ്താവിച്ചു. ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, തോമസ് ആന്റണി, ജോസ് കല്ലക്കാവുങ്കൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.