sathram

വൈക്കം : ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രം പന്തലിന്റെ കാൽനാട്ടു കർമ്മം വിജയ ഫാഷൻ ജുവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു. ക്ഷേത്രത്തിന്റെ കിഴക്കു വശത്ത് ഒരു ലക്ഷം ചതുരശ്ര അടിവിസ്തീർണ്ണത്തിലാണ് പന്തൽ നിർമ്മിക്കുന്നത്. ക്ഷേത്രം മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തതിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഗണപതി ഹോമത്തിന് ശേഷമാണ് കാൽനാട്ട് നടത്തിയത്. സത്രവേദിയിൽ പ്രതിഷ്ഠിക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു കൊണ്ടുവരുന്ന ശ്രീകൃഷ്ണ വിഗ്രഹത്തിന് 12 ന് വൈകിട്ട് 4 ന് സത്രവേദിയിൽ വരവേൽപ്പ് നൽകും. 4.30 ന് സത്രം കൊടിയേറ്റ് നടക്കും. കാൽനാട്ടു ചടങ്ങിൽ സത്രനിർവഹണ സമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ പി.വി.ബിനേഷ്, ജോയിന്റ് സെക്രട്ടറി ടി.നന്ദകുമാർ, ജയ് ജോൺ പേരയിൽ, എൻ.കെ. നീലകണ്ഠൻ, എം.കെ. രാജു, സോമൻ അയ്യേരിൽ, രാഗേഷ്.ടി നായർ, ശശിധരൻ നായർ എന്നിവർ പങ്കെടുത്തു.

ചൈതന്യരഥഘോഷയാത്ര ഇന്ന് പുറപ്പെടും
സത്രവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു ആഘോഷപൂർവം കൊണ്ടുവരും. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് സത്രം ഭാരവാഹികൾ വിഗ്രഹം ഏറ്റുവാങ്ങും. ചൈതന്യരഥത്തിൽ 15 ദിനരാത്രങ്ങൾ കൊണ്ടാണ് വിഗ്രഹ ഘോഷയാത്ര സത്രവേദിയിൽ എത്തുന്നത്. തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 260 ക്ഷേത്രങ്ങളിൽ വിഗ്രഹ ഘോഷയാത്രയ്ക്ക് വരവേൽപ്പ് നൽകും. ഇരുപത് വോളന്റിയർമാരാണ് രഥയാത്ര നയിക്കുന്നത്. ഇവർക്കുള്ള വസ്ത്രങ്ങൾ ചെമ്മനത്ത് ക്ഷേത്രസങ്കേതത്തിൽ വച്ച് സംഘാടക സമിതി ഭാരവാഹി ജയ്‌ജോൺ പേരയിൽ നിന്നു ഘോഷയാത്രാ കമ്മിറ്റി ഭാരവാഹികളായ കെ.പി.ജിനീഷ്‌കുമാർ, ടി.ആർ. രമേശൻ, എസ്.വി. കിഷോർകുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.