വൈക്കം: ഉൾനാടൻ ജലാശയങ്ങളിൽ നാട്ടുമത്സ്യങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി നാട്ടു മത്സ്യങ്ങളെ അനധികൃതമായി കൂട്ടത്തോടെ പിടികൂടുന്ന പെരുംകൂടുകൾക്കും തടവലകൾക്കുമെതിരെ ഫിഷറീസ് വകുപ്പ് നടപടി കർശനമാക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കൂടുകളും തടവലകളും അധികൃതർ റെയ്ഡിൽ പിടികൂടി. ഫിഷറീസ് വകുപ്പ് പിടികൂടിയിട്ടുള്ളതിൽ ഏറ്റവും വലിയ കൂട് ഏറ്റുമാനൂർ കട്ടച്ചിറയിൽ നിന്നാണ് പിടികൂടിയത്. 1350 കിലോഗ്രാം മത്സ്യത്തെവരെ ലഭിച്ചിരുന്ന കൂട് വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ബി. നൗഷാദ്, ക്രൈംബ്രാഞ്ച് സി ഐ ഗോപകുമാർ, ഫിഷറീസ് ഇൻസ്പെക്ടർ മറ്റംമെറിറ്റ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡിൽ പിടിച്ചെടുത്തത്. മഴ പെയ്യുന്ന സമയം മുട്ട മത്സ്യങ്ങൾ ഉൾതോടുകളിലേയ്ക്കു കടക്കുമ്പോഴാണ് കൂടുകളിൽ അകപ്പെടുന്നത്. വീടുകൾക്ക് സമീപത്ത് ഗാർഹികാവശ്യത്തിനായി ചെറു കൂടുകൾ വച്ച് മത്സ്യം പിടിക്കുന്ന സാധാരണക്കാർ മത്സ്യ സമ്പത്തിന്റെ ശോഷണത്തിന് കാരണക്കാരല്ലെന്നും ജലാശയങ്ങളിൽ വ്യാപകമായി കൂടുകൾ സ്ഥാപിച്ച് മത്സ്യത്തെ പിടികൂടുന്ന വൻകിടക്കാരാണ് നാട്ടു മൽസ്യത്തെ വംശനാശത്തിലേയ്ക്ക് തള്ളിവിടുന്നതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കട്ടച്ചിറയിൽ നിന്നു പിടിച്ചെടുത്ത കൂട്ടിനകത്ത് ആള് കയറിച്ചെന്നാണ് മീൻ എടുത്തിരുന്നത്. മീനച്ചിലാർ മീന്തലയാർ സംരക്ഷണ സമിതിയുടെ സഹായത്തോടെ മീനച്ചിലാറിന്റെ കൈതോടുകളിൽ സ്ഥാപിച്ചിരുന്ന നിരവധി കൂടുകൾ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. കൈപ്പുഴ നീണ്ടൂർ ഭാഗത്തെ 60 ഏക്കർ വരുന്നപാടശേഖരത്തിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ എട്ടു തടവലകൾ ഫിഷറീസ് അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കകം 40 തടവലകൾ പിടികൂടിയിട്ടുണ്ട്. വെള്ളംനിറഞ്ഞ പാടശേഖരങ്ങളിൽ നിന്നും അനുബന്ധ തോടുകളിൽ നിന്നും മത്സ്യം പിടിക്കാനുള്ള അവകാശം പാടശേഖര സമിതിയിൽ നിന്നു ലേലത്തിൽ നേടിയ ശേഷമാണ് പറ്റു കണ്ണി വല ഉപയോഗിച്ച് നാട്ടു മത്സ്യങ്ങളെ അരിച്ചു പിടിക്കുന്നത്. ഉറവിടങ്ങളിൽ തന്നെ മൽസ്യങ്ങൾ പിടികൂടപ്പെടുന്നതുമൂലം വംശവർദ്ധനവ് നടത്തി മത്സ്യങ്ങൾക്ക് പെരുകാനുള്ള സാഹചര്യം ഇല്ലാതാകുന്നു. തോടുകളുടെ ഒഴുക്ക് തടഞ്ഞാണ് പലയിടങ്ങളിലും പെരും കൂടുകൾ സ്ഥാപിക്കുന്നത്. ഇതു മൂലം ചെറു മത്സ്യങ്ങൾക്കു പോലും കൂടുകളെ മറികടക്കാനാവില്ല.
അനധികൃത മത്സ്യബന്ധന രീതികൾക്കെതിരെ നടപടി കർശനമാക്കി നാട്ടു മീനിന്റെ ലഭ്യത വർദ്ധിപ്പിച്ച് പരമ്പരാഗത മൽസ്യതൊഴിലാളികളുടെ ഉപജീവനം ഉറപ്പുവരുത്താനാണ് ഫിഷറീസ് വകുപ്പു റെയ്ഡുകൾ വ്യാപകമാക്കും വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ബി.നൗഷാദ്