അടിമാലി: ഭൂമി വാങ്ങി കൊടുക്കാമെന്ന് ധരിപ്പിച്ച് രാജസ്ഥാൻകാരനായ കച്ചവടക്കാരനിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഏഴ് പേരെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. ആനച്ചാൽ തോക്കു പാറ വലിയപറമ്പിൽ മജീദ് (38), അടിമാലി ദീപ്തി നഗർ കണ്ടിയാംകുടി ജോമോൻ (30), കല്ലാർകുട്ടി വിഴുക്കപ്പാറ രാജേഷ് (31), പൊളിഞ്ഞ പാലം ക്ലാക്കിയാൽ സോജി (30), പറവൂർ നീണ്ടുർ കാഞ്ഞിരത്തിങ്കൽ ജോസ് (30), തിരുവനന്തപുരം കിളിമാനൂർ ചൂട്ടയിൽ എ.കെ മൻസിലിൽ ഫൈസൽ (33), കളമശേരി ഇടത്തല കല്ലേത്ത് നൗഫൽ (44) എന്നിവരെയാണ് അടിമാലി സി.ഐ പി.കെ. സാബു, എസ്.ഐ എസ്. ശിവലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നു 21.25 ലക്ഷം രൂപ പിടിച്ചെടുത്തു.
രാജസ്ഥാനിലെ ബിക്കാനിയൽ സ്വദേശിയും എറണാകുളം കടവന്ത്രയിലെ കമ്പ്യൂട്ടർ ബിസിനസുകാരനുമായ ദീപക്കിനെ കെണിയിൽപെടുത്തിയാണ് 30 ലക്ഷം രൂപ പിടിച്ചുപറിച്ചത്. കൂട്ടുപ്രതികളായ അടിമാലി ചൂരക്കെട്ടൻ വഴിയോരത്ത് താമസിക്കുന്ന ബേസിൽ (30), സണ്ണി എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
പൊലീസ് പറയുന്നതിങ്ങനെ: വ്യാപാരിയായ ദീപക് പള്ളിവാസലിൽ ഭൂമി വാങ്ങാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പള്ളിവാസലിനടുത്ത് അടിമാലി സെന്റ് ജൂഡ് പള്ളി വികാരിയുടെ ഭൂമിയുണ്ടെന്ന് ഫൈസൽ, നൗഫൽ, ജോസ് എന്നിവർ ദീപക്കിനെ പറഞ്ഞു ധരിപ്പിച്ചു. 22ന് ദീപക് സ്ഥലം കാണുന്നതിനായി അടിമാലിയിലെത്തി. പള്ളിവാസലിലെ ചില സ്ഥലങ്ങൾ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ സമയം മജീദ് മലപ്പുറം സ്വദേശിയാണെന്നാണ് പരിചയപ്പെടുത്തിയത്. ബേസിൽ പള്ളിയിലെ സഹവികാരിയാണെന്നും ധരിപ്പിച്ചു. മൂന്ന് പേരോടൊപ്പം ദീപക് 30 ലക്ഷം രൂപയുമായി 26ന് അടിമാലിയിലെത്തി. ചൊവ്വാഴ്ച രാത്രി ഇവരെ 7 മണിയോടെ മന്നാംകാലാവഴി സെന്റ് ജൂഡ് പള്ളിക്കു സമീപം എത്തിച്ചു. വികാരി തിരക്കിലാണെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനു സമീപത്തുള്ള പെട്രോൾ പമ്പിനു സമീപത്തെത്തിച്ച് മജീദും ബേസിലും ചേർന്ന് ദീപക്കിനെ ബൈക്കിൽ കയറ്റി മുനിത്തണ്ട് ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ദീപക്കിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തി 30 ലക്ഷമടങ്ങിയ ബാഗുമായി പ്രതികൾ കടന്നു. ടൗണിലെത്തിയ ദീപക് കൂട്ടുകാരുമായി എത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. ടൗണിലെ ആട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. ഉടനേ തോക്കുപാറയിലെത്തി മജീദിനെ വീട്ടിൽ നിന്നു പിടികൂടി. ഇയാളുടെ വീട്ടിൽ നിന്ന് 14.5 ലക്ഷം രൂപ കണ്ടെടുത്തു. മജീദിൽ നിന്നു കൂടുതൽ പ്രതികളെക്കുറിച്ച് പൊലീസ് മനസിലാക്കി രണ്ടു പേരൊഴികെ മുഴുവൻ പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരിൽ നിന്നു പിസ്റ്റൾ അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
സംഭവം നടന്ന് മൂന്നു മണിക്കൂറിനുള്ളിൽ എട്ട് പ്രതികളെ കസ്റ്റഡിയിൽ എടുക്കുവാൻ പൊലീസിന് കഴിഞ്ഞു. അന്വേഷണത്തിൽ എസ്.ഐമാരായ സി.ആർ. സന്തോഷ്, ടി.പി. ജൂഡി, എ.എസ്.ഐ അശോകൻ, സി.പി.ഒമാരായ ഡോണി ചാക്കോ, നീൽ ക്രിസ്റ്റി എന്നിവരും സംഘത്തിലുണ്ടായിരുന്നു