കറുകച്ചാൽ : പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടി. നിരവധി ക്രമിനൽ കേസിലെ പ്രതിയായ വെള്ളാവൂർ കടയനിക്കാട് പുതുപ്പറമ്പിൽ പി.എസ്. സുരേഷ് (ജയേഷ് 29), ഇയാളുടെ സഹായി കങ്ങഴ മുണ്ടത്താനം പടിഞ്ഞാറേതിൽ സിബിൻ (26) എന്നിവരെയാണ് കറുകച്ചാൽ സർക്കിൾ ഇൻസ്‌പെക്ടർ കെ സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിയോടെ സുരേഷും, സിബിനും ചേർന്ന് മാരകായുധങ്ങളുമായി മുണ്ടത്താനം ഭാഗത്ത് വഴിയാത്രക്കാരെ തടഞ്ഞ് നിറുത്തി പണം തട്ടിയെടുക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ കറുകച്ചാൽ സ്റ്റേഷനിലെ എസ്.ഐ. സി.ആർ. രാജേഷ് കുമാറിനെ മഴു ഉപയോഗിച്ചും, അഡീഷണൽ എസ്.ഐ. ജയിംസ് അഗസ്റ്റ്യനെ വടിവാളുപയോഗിച്ചും വെട്ടി പരിക്കേൽപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. തുടർന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ കയ്യാല പുറത്തു നിന്ന് വീണ് സിബിന് മുഖത്തിന് പരിക്കേറ്റിരുന്നു. പ്രതികളുടെ ആക്രമണത്തിൽ അഡീഷണൽ എസ്.ഐക്ക് പരിക്കേറ്റു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, പിടിച്ചുപറി, കഞ്ചാവ് കച്ചവടമടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുരേഷ് എന്ന് പൊലീസ് പറഞ്ഞു.