കോട്ടയം: ശശിധരനെ കൊലപ്പെടുത്താൻ, ഇരുളിൽ പതുങ്ങിയിരിക്കാൻ തുടങ്ങിയിട്ടു നാളുകൾ. ഒപ്പം ഭാര്യയും നടക്കാനുണ്ടായിരുതോ മറ്റു സവാരിക്കാർ വന്നിരുതോ അപ്പോഴെല്ലാം തടസമായി. സംഭവ ദിവസം അയർലന്റ് യാത്രയുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾക്കായി ഭാര്യ പ്രഭാത സവാരിയിൽ നിന്ന് ഒഴിവായതോടെ ഷിജോ ശശിധരനെ തലയ്ക്കടിയ്ക്കുകയായിരുന്നു. അഞ്ചു തവണ തലയ്ക്കടിച്ചു മരണം ഉറപ്പാക്കിയാണു പ്രതി രക്ഷപ്പെട്ടത്.
കസ്റ്റഡിയിൽ നിന്നു മോചിപ്പിക്കുമ്പോൾ ഓടി രക്ഷപ്പെട്ടതും പ്രദേശത്ത ചില വീടുകളിൽ ഭക്ഷണം ഉൾപ്പെടെ ചോദിച്ചെത്തിയതും ഷിജോയാണ് പ്രതിയെന്ന് ഉറപ്പിക്കാൻ പൊലീസിനെ സഹായിച്ചു. തിങ്കളാഴ്ച രാത്രി ഗാന്ധിനഗറിലെ കപ്പത്തോട്ടത്തിൽ ഉറങ്ങിയ ഇയാൾ കഴിച്ചതു പച്ചക്കപ്പ. പുലർച്ചെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു തൊണ്ണംകുഴിയിൽ പൊലീസിന്റെ മുന്നിൽപ്പെടുന്നത്.
ഇവിടെ ഓടി ഒരു തോടിന്റെ പാലം കടന്ന് മറുകരയെത്തി, പിന്നീട് പാലം വലിച്ച് പൊലീസിനെ അക്കരെയാക്കിയാണു ബൈക്കുമായി രക്ഷപ്പെടുന്നത്. രണ്ടാമതു പിടിയിലായ ശേഷവും നിസഹകരണം തുടർതോടെ പൊലീസ് വലഞ്ഞു. ഒടുവിൽ തന്റെയും ഒപ്പം താമസിച്ചിരുന്ന സ്ത്രീയുടെയും കുട്ടിയുടെയും എല്ലാമായിരുന്ന പട്ടികളെ നാട്ടുകാർ ഉപദ്രവിക്കുന്നുവെന്നു പൊലീസ് പറയുകയും ചെയ്തതോടെ ഷിജു തളർന്നു. പിന്നീട് ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

കൊലപാതകത്തിലേക്കു നയിച്ചത്

 വഴി തർക്കത്തിൽ അയൽവാസികൾക്കു നിയമസഹായം നൽകിയതു ശശിധരനാണെന്ന സംശയം.
 പലതവണ പൊലീസിൽ ശശിധരനും നാട്ടുകാർക്കുമെതിരേ പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്നത്.
 കേസ് നടത്തിപ്പിനായി കഴിഞ്ഞ ദിവസം അഭിഭാഷക ഓഫീസിൽ എത്തിയപ്പോൾ 20000 രൂപ വേണമെന്ന ആവശ്യം.
 വളർത്തിയിരുന്ന എട്ടു നായ്കളിൽ നാലെണ്ണത്തിനെ ഒരു വർഷത്തിനിടെ വിഷം നൽകി കൊലപ്പെടുത്തിയതു ശശിധരനാണെന്ന സംശയം

അന്വേഷിച്ചു പിടികൂടിയത് ഇവർ

കോട്ടയം: ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.സി.ഐമാരായ എ.ജെ. തോമസ്, നിർമൽ ബോസ്, എം.ജെ. അരുൺ, എസ്.ഐമാരായ ടി.എസ്. റെനീഷ്, സജിമോൻ,ഷിബുക്കുട്ടൻ, എ.എസ്.ഐമാരായ പി.എൻ. മനോജ്, ജോർജ് വി.ജോൺ, എ.ആർ. അരുൺകുമാർ, പി.കെ. സജു, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം എസ്. നായർ, കെ.ആർ.ബൈജു, എ.കെ. അനീഷ്.കെ.എം. രാധാകൃഷ്ണൻ, നിസാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.