കോട്ടയം : റിട്ട.എസ്.ഐ പറയകാവിൽ ആർ.ശശിധരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആദ്യം മുതലേ പാളിയെന്ന് ആക്ഷേപം. ശശിധരൻ
മരിച്ചുവെന്ന് ഉറപ്പായിട്ടും മൃതദേഹം പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് റോഡിൽ കിടന്ന രക്തവും മറ്റും പൊലീസ് കഴുകിക്കളയുകയും ചെയ്തു. ഇതിലൂടെ നഷ്ടമായത് പ്രതിയുടെ വിരളടയാളവും തലമുടിയുമടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ്. പൊലീസ് ആരെ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ശശിധരനുമായി വഴിതർക്കമുണ്ടായിരുന്ന തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യനാണ് (ഷിജോ - 45) കൊലപാതകം ചെയ്തതെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഷിജോയുടെ വീട് പരിശോധിക്കാൻ അവർ തയാറായില്ല. കൂടാതെ കൊല്ലാൻ ഉപയോഗിച്ച ആയുധവും കണ്ടെത്താൻ ശ്രമിച്ചില്ല. അന്വേഷണവുമായി സഹകരിക്കാൻ ആദ്യം മുതലേ ഷിജോ തയാറാകാത്തതാണ് ഇതിന് കാരണമായി പൊലീസ് പറയുന്നത്.
ഇന്നലെയാണ് പൊലീസ് ഷിജോയുടെ വീട് പരിശോധിച്ചതും വസ്ത്രങ്ങൾ കണ്ടെത്തിയതും. എന്നാൽ വസ്ത്രത്തിൽ രക്തക്കറ കണ്ടെത്താൻ സാധിച്ചിട്ടില്ല. തെളിവായി ശേഖരിച്ച വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നാണ് പൊലീസ് പറയുന്നത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തുരുമ്പിച്ച പൈപ്പ് ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഈ പൈപ്പ് മൂന്നായി ആക്സോ ബ്ലേഡിന് മുറിച്ച് കുഴിയലിപ്പടിയിലെ തോട്ടിൽ വലിച്ചെറിയുകയായിരുന്നുവെന്ന് അവർ പറയുന്നു. ഇന്നലെ ഇതിൽ രണ്ട് പൈപ്പുകൾ പൊലീസ് കണ്ടെടുത്തു. എന്നാൽ ആക്സോ ബ്ലേഡ് കൊണ്ട് മുറിച്ച ലക്ഷണം ഈ പൈപ്പിൽ കണ്ടെത്താനായിട്ടില്ല. കൂടാതെ തോട്ടിൽ നിന്ന് കണ്ടെത്തിയ പൈപ്പുകൾ തമ്മിൽ യോജിപ്പുമില്ലായിരുന്നു.
ഒരാളെ കൊല്ലാൻ ആവശ്യമായ മൂർച്ച പൈപ്പിനില്ലായിരുന്നു.
കസ്റ്റഡിസമയം കഴിഞ്ഞതിനാൽ ഷിജോയെ പറഞ്ഞുവിടുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ ഷിജോ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിയെന്ന് സമ്മതിച്ചു. ഏറെ വിവാദങ്ങൾക്കും നാടകീയതകൾക്കും ഒടുവിലാണ് ഇന്നലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.