ചങ്ങനാശ്ശേരി : യാത്രപോയാൽ ചെളിയിൽ കുളിക്കും, അതുറപ്പാണ്! പൂവം - കടത്തുക്കടവ് റോഡിനെക്കുറിച്ച് പറയുമ്പോൾ പ്രദേശവാസികൾ പരാതിയുടെ കെട്ടഴിക്കും. ഇനി എത്രനാൾ ഇങ്ങനെ ദുരിതം അനുഭവിക്കണം! ചിലർ അമർഷത്തോടെ ചോദിക്കുന്നു. ചെളിയിൽ പൂണ്ട അവസ്ഥയിലാണ് ഇപ്പോൾ പൂവം - കടത്തുക്കടവ് റോഡ്. തീർത്തും സഞ്ചാരയോഗ്യമല്ലെന്ന് പറയാം. പായിപ്പാട് പഞ്ചായത്തിലെ പതിനാറാംവാർഡിലാണ് റോഡ്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തെ ഏക യാത്രാമാർഗമാണ് റോഡ്. എ.സി റോഡിലെ കിടങ്ങറ ഒന്നാം പാലത്തിൽ നിന്നും പൂവത്തേയ്ക്കുള്ള റോഡാണിത്. അടുത്തകാലത്ത് റോഡിലെ കുഴികൾ നികത്താനായി മണ്ണ് ഇറക്കിയിരുന്നു. പിന്നീട് മഴ കനത്തപ്പോൾ മണ്ണ് ചെളിക്ക് വഴിമാറി. പൂവത്തു നിന്നും എസി റോഡിൽ നിന്നും നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നുവരുന്നത്. ചെളി നിറഞ്ഞ് കിടക്കുന്നത് അറിയാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും പതിവാണ്. ഈ റോഡിലൂടെ വീടുകളിൽ എത്തിച്ചേരണമെങ്കിൽ സർക്കസ് പഠിക്കേണ്ട സ്ഥിതിയാണ്.

വേനലിലും ദുരിതം

മഴക്കാലത്ത് ചെളിയാണ് പ്രശ്നമെങ്കിൽ വേനലിൽ പൊടിയാണ് വില്ലൻ. ഇപ്പോൾ റോഡിലൂടെ കാൽനടയാത്രപോലും ദുരിതമാണ്. റോഡ് മോശമായതിനാൽ രാത്രിയിൽ ഓട്ടോറിക്ഷപോലും ഇങ്ങോട്ടേയ്ക്ക് വരില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡ് തകർന്നതിനാൽ സ്‌കൂൾ ബസുകൾ പ്രദേശത്തേയ്ക്ക് വരില്ല. പ്രളയകാലത്ത് പൂർണമായി മുങ്ങിപ്പോയ പ്രദേശമാണ് പൂവം. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ വേണ്ടത്ര പരിഗണന പ്രദേശത്തിന് ലഭിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുമുണ്ട്.

ഫോട്ടോ അടിക്കുറിപ്പ് :

ചെളിനിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ പൂവം- കടത്തുക്കടവ് റോഡ്